ചെന്നൈ: ജാതി അടിസ്ഥാനപ്പെടുത്താതെ 36 പേര്‍ക്ക് ക്ഷേത്രത്തില്‍ പൂജാരികളാകാന്‍ അനുമതി നല്‍കിയ കേരള സര്‍ക്കാരിന്‍റെ നടപടിയെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ അബ്രാഹ്മണ പൂജാരിമാരെ നിയമിച്ചതിനാണ് രാഷ്ട്രീയപ്രവശന സൂചന നല്‍കിയ ഉലകനായകന്‍ കമൽഹാസന്‍ കേരളമുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അഭിനന്ദനം അറിയിച്ചത്. പെരിയാറിന്‍റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും കമല്‍ഹാസന്‍ തന്‍റെ ഫേയ്സ്ബുക്കിലൂടെ കുറിച്ചു.

നേരത്തെ ഡി.എ.കെ നേതാവ് എം.കെ സ്റ്റാലിന്‍, എം.ഡി.എം.കെ നേതാവ് വൈകോ എന്നിവരും അബ്രാഹ്മണ ശാന്തിമാരുടെ നിയമനത്തില്‍ കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. സംവരണവും മെറിറ്റും പരിഗണിച്ചായിരിക്കണം നിയമനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡിന് നിർദേശം നൽകിയിരുന്നു.