Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് കമല്‍ ഹാസന്‍; ഗാന്ധിയന്‍ തത്വങ്ങളില്‍ നിന്നും മാര്‍ക്‌സിസത്തില്‍ നിന്നും ആശയങ്ങള്‍

kamal hasan reveals plans to declare political party
Author
First Published Sep 16, 2017, 7:30 AM IST

ചെന്നൈ: തിരക്കിട്ട് രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപിയ്‌ക്കാനില്ലെന്ന് നടന്‍ കമല്‍ ഹാസന്‍. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയും ചര്‍ച്ചകള്‍ നടത്തിയും കൃത്യമായ പദ്ധതിയുണ്ടാക്കിയ ശേഷം മാത്രമേ രാഷ്‌ട്രീയപ്രവേശം നടത്തൂ എന്ന് ദി ഹിന്ദു ദിനപത്രം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. രാഷ്‌ട്രീയത്തെക്കുറിച്ച് രജനീകാന്തുള്‍പ്പടെയുള്ളവരുമായി സംസാരിയ്‌ക്കാനും സഹകരിയ്‌ക്കാനും തയ്യാറാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് തുറന്ന നിലപാട് കമല്‍ഹാസന്‍ സ്വീകരിയ്‌ക്കുന്നത്. രാഷ്‌ട്രീയത്തിലിറങ്ങാതെ നിവൃത്തിയില്ലെന്ന സ്ഥിതിയാണ് തമിഴ്നാട്ടിലെന്ന് കമല്‍ഹാസന്‍ പറയുമ്പോഴും ജയലളിതയോ കരുണാനിധിയോ ഇല്ലാത്ത രാഷ്‌ട്രീയ ശൂന്യതയില്‍ ഒരിടം ലക്ഷ്യമിട്ടു തന്നെയാണ് കമല്‍ഹാസന്റെ പ്രഖ്യാപനമെന്ന് വ്യക്തമായിരുന്നു. ദ ഹിന്ദു സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ തുറന്ന രാഷ്‌ട്രീയ വിമര്‍ശങ്ങളെ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കമല്‍ഹാസല്‍‍. രാഷ്‌ട്രീയപ്രവേശം നടത്തുന്നതിന് മുമ്പ് സമൂഹത്തിന്റെ പല തുറകളില്‍ നിന്നുള്ളവരില്‍ നിന്ന് അഭിപ്രായം തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമലിന്റെ സംവാദപരിപാടി. 

ജയലളിതയോ കരുണാനിധിയോ ഭരിച്ചപ്പോഴില്ലാത്ത വിമര്‍ശനം ഇപ്പോഴെന്തിനാണ് ഉയര്‍ത്തുന്നതെന്ന ചോദ്യത്തിന്, ഇപ്പോഴത്തെ രാഷ്‌ട്രീയക്കാര്‍ മികച്ച നടന്‍മാരായപ്പോള്‍, എനിക്ക് രാഷ്‌ട്രീയത്തിലിറങ്ങേണ്ട സ്ഥിതിയാണെന്നായിരുന്നു കമലിന്റെ മറുപടി. രാഷ്‌ട്രീയത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. 62 വയസ്സായി. ഇനി ആ ഭയമില്ല. കമല്‍ പറഞ്ഞു. പിണറായിയെ കണ്ട് രാഷ്‌ട്രീയചര്‍ച്ചകള്‍ തുടങ്ങിയതെന്തിനെന്നായിരുന്നു അടുത്ത ചോദ്യം. ഇവിടത്തെ മുഖ്യമന്ത്രിയെ കാണണമെന്നുണ്ടായിരുന്നു, കാണാന്‍ പോകുമ്പോഴേക്ക് മുഖ്യമന്ത്രി മാറിയാലോ എന്ന് പേടിച്ചിട്ടാണെന്ന കമലിന്റെ മറുപടി കാണികളില്‍ ചിരിയുയര്‍ത്തി. ഗാന്ധിയന്‍ തത്വങ്ങളില്‍ നിന്നും മാര്‍ക്‌സിസത്തില്‍ നിന്നും നല്ല ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ഒരു രാഷ്‌ട്രീയത്തിലേയ്‌ക്കാണ് തന്റെ യാത്ര. അതിന് പലരോടും അഭിപ്രായം തേടുകയാണ്. രജനീകാന്തിനോട് സംസാരിക്കേണ്ടി വന്നാല്‍ അതും ചെയ്യും. പാര്‍ട്ടി പ്രഖ്യാപിയ്‌ക്കാന്‍ നല്ല ദിവസം നോക്കുന്ന മണ്ടത്തരം താന്‍ കാണിയ്‌ക്കില്ല. വിപ്ലവം വരുന്ന ദിവസമാകും തന്റെ പാര്‍ട്ടി പ്രഖ്യാപിയ്‌ക്കാനുള്ള മികച്ച സമയമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞവസാനിപ്പിച്ചത്.
 

Follow Us:
Download App:
  • android
  • ios