രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെ കമല്‍ഹാസനെ നിശിതമായ വിമര്‍ശിച്ച് മുന്‍ ജീവിതപങ്കാളിയും നടിയുമായ ഗൗതമി രംഗത്ത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പോലും ഒപ്പം നില്‍ക്കാത്ത കമല്‍ഹാസന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് ബന്ധം വേര്‍പിരിയാന്‍ കാരണമെന്ന് ഗൗതമി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

പാസ്റ്റ് ഈസ് പാസ്റ്റ് ആന്റ് ദേര്‍ ആര്‍ റീസണ്‍സ് ഫോര്‍ ഇറ്റ് എന്ന തലക്കെട്ടിലാണ് ഗൗതമിയുടെ കുറിപ്പ് തുടങ്ങുന്നത്. കാന്‍സറുമായി മല്ലിട്ടതാണ് തന്റെ ജീവിതത്തിലെ കഠിനമായ കാലം. അന്ന് മകളും സ്വന്തം വീട്ടുകാരും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. താനും കമലുമായുള്ള ബന്ധം വേര്‍പിരിയാന്‍ കമലഹാസന്റെ മക്കള്‍ ഒരു ഘട്ടത്തിലും കാരണമായിട്ടില്ല. കമലിന്റെ സമീപനം മാത്രമാണ് കാരണം. 

പരസ്പര വിശ്വാസവും ബഹുമാനവും ഇല്ലാതെ ഒരു ബന്ധവും മുന്നോട്ട് പോകില്ല. മക്കള്‍ക്കു വേണ്ടിയാണ് ബന്ധം വേര്‍പെടുത്തിയതെന്ന കമലഹാസന്റെ വാദത്തെ കുറിപ്പില്‍ ഗൗതമി പൂര്‍ണമായും തള്ളുന്നു. ദശാവതരം മുതല്‍ കമലഹാസന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തു. രാജ് കമല്‍ ഫിലിംസിനു വേണ്ടി 2016 വരെ ജോലി ചെയ്‌തെങ്കിലും പ്രതിഫലം കിട്ടിയില്ല.

ഇപ്പോള്‍ കമലുമായി ഒരു ബന്ധവും തനിക്കില്ല. രാഷ്ടീയമായും വ്യക്തപരമായും ജോലി സംബന്ധമായും കമല്‍ ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഉത്തരവാദിത്തം തനിക്ക് മേല്‍ ആരോപിക്കരുതെന്ന് വ്യക്തമാക്കിയാണ് ഗൗതമി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഗൗതമിയുടെ ബ്ലോഗ് ബിജെപി അടക്കം കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആയുധമാക്കിത്തുടങ്ങിയിരിക്കുന്നു.