കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാധ്യമ വിചാരണ നേരിടുന്നുവെന്ന് സംവിധായകന്‍ കമൽ. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാധ്യമങ്ങൾ സൂപ്പർ പൊലീസാകേണ്ടെന്നും കമല്‍ പറഞ്ഞു. പൾസർ സുനിയെ മാധ്യമങ്ങൾ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമൽ കുറ്റപ്പെടുത്തി . കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കമല്‍.
സംഭവത്തിൽ ദിലീപിനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത സംഘടനയും വ്യക്തമാക്കി.
കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിനിമലോകം രംഗത്തെത്തിയത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ചില സ്വർത്ഥ താത്പര്യക്കാർ ദീലീപിനെ വേട്ടയാടുകയാണ്. അവഹേളിക്കുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്ക് ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.
മകനായ സിദ്ധാർത്ഥ് ഭരതനും കേസിൽ ബന്ധമുണ്ടെന്ന വിധത്തിൽ പ്രചാരണം നടത്തുന്നത് അവഹേളനം മാത്രം ലക്ഷ്യമിട്ടാണെന്ന് കെപിഎസി ലളിതയും പ്രതികരിച്ചു. കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കെപിഎസി ലളിതയും.
