കമൽ ഹാസൻ കൊച്ചിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ മുഖ്യന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു കൂടിക്കാഴ്ച. മക്കൾ നീതി മയ്യത്തിന്റെ ഒരു പരിപാടിക്ക് പിണറായി വിജയനെ ക്ഷണിക്കാനാണ് എത്തിയതെന്ന് കമൽ ഹാസൻ പറഞ്ഞു. കർണാടകത്തിൽ സംഭവിച്ചത് ജനാധിപത്യത്തിന്റ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രൂപീകരിച്ചതിനു ശേഷം രണ്ടാം തവണയാണ് കമല്‍ ഹാസന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ വൈദ്യ പരിശോധനയ്ക്കായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോഴും കമല്‍ ഹാസന്‍ അദ്ദേഹത്തെ കണ്ടിരുന്നു.

പിണറായി വിജയനെ പ്രശംസിച്ച് കമല്‍ ഹാസന്‍ മുമ്പ് പലതവണ രംഗത്ത് വന്നിരുന്നു. തന്റെ നിറം ഒരിക്കലും കാവിയല്ലെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ഓണാഘോഷത്തിനെത്തിയ സമയത്ത് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് തിരുവനന്തപുരത്ത് എത്തിയ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇരുവരുടേതും രാഷ്ട്രീയ കൂടിക്കാഴ്ച തന്നെയെന്നായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.