അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്. അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല

ചെന്നെെ: കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നിബന്ധന മുന്നോട്ട് വെച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമലഹാസന്‍. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധനയാണ് കമലഹാസന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം സ്വന്തം പാര്‍ട്ടി രൂപീകരിച്ച കമലഹാസന്‍ തമിഴ്നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍, ഇത് ആദ്യമായാണ് ഡിഎംകെയ്ക്കെതിരെ താരം രംഗത്ത് വരുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അവസാനിപ്പിക്കുകയാണെങ്കില്‍ 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കെെക്കോര്‍ക്കാം.

ഈ സഖ്യം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ. അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്. അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല.

അഴിമതി നിറഞ്ഞ പാര്‍ട്ടികളാണ് ഡിഎംകെയും എഡിഎംകെയും. തമിഴ്നാട്ടില്‍ നിന്ന് ഈ രണ്ട് പാര്‍ട്ടികളെയും തുരത്താനുള്ള കഠിന പ്രയ്തനം നടത്തുമെന്നും കമലഹാസന്‍ പറഞ്ഞു.

നേരത്തെ, കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കമലഹാസന്‍ സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ രാഷ്ട്രീയം സംസാരിച്ചു, എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെയല്ലെന്നാണ് ഇതിന് ശേഷം താരം പ്രതികരിച്ചത്.