നാല് വർക്കിം​ഗ് പ്രസി‍ഡന്റുമാരേയും രാഹുൽ നിയമിച്ചിട്ടുണ്ട്

ഭോപ്പാൽ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി കമൽ നാഥിനെ രാഹുൽ ഗാന്ധി നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷസ്ഥാനമാണ് ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് നൽകിയത്. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കമൽനാഥും ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള വടംവലി കാരണം നിയമനം നീണ്ടുപോയിരുന്നു.

ഒടുവിൽ മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിംഗ് പിന്തുണച്ചതോടെയാണ് കമൽനാഥിന് നറുക്ക് വീണത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് പുതിയ അധ്യക്ഷനെ രാഹുൽ തീരുമാനിച്ചത്. എംപിസിസി അധ്യക്ഷനായി കമൽനാഥിനെ നിയമിച്ചത് കൂടാതെ നാല് വർക്കിം​ഗ് പ്രസി‍ഡന്റുമാരേയും രാഹുൽ നിയമിച്ചിട്ടുണ്ട്. ​ഗോവ പിസിസി അധ്യക്ഷനായി ഗിരീഷ് ചോഡൻകാറിനേയും രാഹുൽ ഇന്ന് നിയമിച്ചിട്ടുണ്ട്.