ശബരിമല യാത്ര മാറ്റിവയ്ക്കാൻ തയ്യാറെന്ന് കനക ദുർഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു
കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാൻ തയ്യാറെന്ന് കനക ദുർഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദർശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചത്.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ ഇരുവരുമായി കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഒന്നര മണിക്കൂർ ചർച്ച നടത്തി. തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നൽകാനാകില്ലെന്ന് ഇരുവരേയും പൊലീസ് അറിയിച്ചു. ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മടക്കി അയക്കാൻ പൊലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഇരുവരും തീരുമാനമെടുക്കും.
അതേസമയം, ഇന്നലെ മെഡിക്കൽ കോളേജിൽ വച്ച് കനകയേയും ബിന്ദുവിനേയും ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ച മൂന്ന് വനിതകൾ ഉൾപ്പെടെ ആറ് ശബരിമല കർമ്മസമിതി പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.
എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറ്റുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇവരോടൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. 42ഉം 44ഉം വയസായിരുന്നു ഇവര്‍ക്ക്. ഗാര്‍ഡ് റൂം കടന്ന് പോയതിന് ശേഷമാണ് ശബരിമല സപെഷ്യല്‍ ഓഫീസര്‍ എത്തുന്നത്.
തുടര്‍ന്ന് ഇദ്ദേഹം സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. വലിയ പ്രശ്നങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. പൊലീസ് സംഘം പമ്പയില്‍ നിന്നെത്തി പ്രതിഷേധക്കാരെ മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ട് പോയി.
പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായി. ശരംകുത്തി ഭാഗത്തും പ്രതിഷേധമുണ്ടായപ്പോഴും പൊലീസ് കൃത്യമായി ഇടപ്പെട്ടു. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പോയ സംഘത്തിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായത്.
പൊലീസ് ഇടപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയാറായില്ല. എന്ത് വന്നാലും പിന്മാറില്ലെന്നാണ് ഇവിടെയും യുവതികള്‍ പറഞ്ഞത്. ഇതിനിടെ കടകംപള്ളി സുരേന്ദ്രനടക്കമുള്ള മന്ത്രിമാരുടെ പ്രതികരണങ്ങള്‍ വന്നു. ഇതോടെ പൊലീസ് വ്യക്തമായ നിര്‍ദേശം ലഭിക്കാന്‍ കാത്ത് നിന്നു. അല്‍പം കഴിഞ്ഞതോടെ ക്രമസമാധാന പ്രശ്മുണ്ടാകുമെന്നും താഴേക്ക് പോകണമെന്നും പൊലീസ് ഉദ്യോസ്ഥര്‍ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ പൊലീസ് അവരെ സ്ടെക്ച്ചറില്‍ താഴേക്ക് കൊണ്ടുവന്നു. എന്നാല്‍, ബിന്ദു താഴേക്ക് ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്നം ആവര്‍ത്തിച്ച ശേഷം ബിന്ദുവിനോട് ഇറങ്ങാന്‍ പറയുകയായിരുന്നു. താഴേക്ക് ഇറങ്ങുന്നതിനിടെയും ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ വനം വകുപ്പിന്‍റെ വാഹനം എത്തിച്ച് ബിന്ദുവിനെ പമ്പയിലെത്തിക്കുകയായിരുന്നു.
