തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിഹരിക്കാന്‍ ഇനിയും പ്രശ്നങ്ങള്‍ ബാക്കിയുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോയെന്നും കാനം ചോദിച്ചു. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ചില കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടിവരും. ഇനിയും കാണാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മുന്നണി കണ്‍വീനര്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചൂടുകാലത്ത് ഉരുകാന്‍ ഇനിയും മഞ്ഞ് ബാക്കിയുണ്ടെന്നും തമാശയായി കാനം പറഞ്ഞു. എ കെ ജി സെന്ററില്‍ സി പി ഐ എം നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാനം രാജേന്ദ്രന്‍ മാധ്യങ്ങളോട് പ്രതികരിച്ചത്.