വനിതാ മതിൽ വിഷയത്തില്‍ എന്‍ എസ് എസിനെതിരെ പരസ്യവിമർശനവുമായി സിപിഐ രംഗത്ത്. ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് ശ്രമമെന്ന് കാനം കുറ്റപ്പെടുത്തി.
മലപ്പുറം: വനിതാ മതിൽ വിഷയത്തില്‍ എന്‍ എസ് എസിനെതിരെ പരസ്യവിമർശനവുമായി സി പി ഐ രംഗത്ത്. എൻ എസ് എസ് നിലപാട് സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എൻ എസ് എസിന്‍റെ ശ്രമം. ഇത്തരം വെല്ലുവിളികൾ കണ്ട് വളർന്നവരാണ് തങ്ങളെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. സർക്കാർ ഖജനാവിൽ നിന്ന് മതിലിനായി പണം ചിലവഴിച്ചുതുടങ്ങികഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിൽ സംഘടിപ്പിക്കുന്ന ദിവസത്തെ ചിലവ് സർക്കാരല്ല വിഹിക്കുന്നതെന്ന ന്യായം പറഞ്ഞ് രക്ഷപെടാനുള്ള ശ്രമമാണ് സർക്കാരിന്‍റെതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
അതേസമയം, വനിതാ മതിലിന്‍റെ സംഘാടനത്തേക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി. വർഗ്ഗീയ മതിലെന്ന ആരോപണത്തിന് തടയിടാൻ, ന്യൂനപക്ഷ സമുദായങ്ങളേക്കൂടി സംഘാടനത്തിൽ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശം കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
