തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് സംസാരിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് കാനം രാജേന്ദ്രന്‍. ഇടയ്ക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രസ്താവന. വിശദീകരണം ചോദിച്ചതിന് പിന്നാലെ പ്രസ്താവന തിരുത്തി പി. രാജുവും രംഗത്തെത്തി.

കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വിവാദ പരാമര്‍ശം. ഇടയ്ക്കിടയ്ക്ക് പേടിച്ച് പനിപിടിയ്ക്കുന്നയാളാണ് മുഖ്യമന്ത്രി. മന്ദബുദ്ധികള്‍ പലരും ഉപദേശകരായി കൂടിയിട്ടുണ്ടെന്നും രാജു പരിഹസിച്ചു

പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രാജുവിനെതിരെയും സിപിഐയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കളും രംഗത്തെത്തി. ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടാലും ചെങ്കൊടിപ്പാര്‍ട്ടി തകര്‍പ്പന്‍ ഭൂരിപക്ഷം നേടി തിരിച്ചുവരുമെന്നും അപ്പോള്‍ മരണവീട്ടിലെപ്പോലെ കൂട്ടക്കരച്ചിലുയരുന്നത് എവിടെ നിന്നാണെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു സിപിഎം നേതാവ് ഗോപി കോട്ടമുറയ്ക്കല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ഗതികെട്ടെത്തുമ്പോള്‍ കഞ്ഞി കുടിക്ക് മക്കളെ എന്ന് പറയാന് പിറണായിയേ ഉണ്ടാകൂ എന്നും ഗോപി കോട്ടമുറയ്ക്കല്‍ സിപിഐയെ ഓര്‍മ്മിപ്പിച്ചു. തൊട്ടുപിന്നാലെ പി. രാജുവിന്റെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. പാര്‍ട്ടിയുടെ ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പരാമര്‍ശത്തില്‍ രാജുവിനോട് വിശദീകരണവും ആവശ്യപ്പെട്ടു. ഇക്കാര്യം സ്ഥിരീകരിച്ച സിപിഐ ജില്ലാ സെക്രട്ടറി തന്റെ പ്രസ്താവന തിരുത്തുകയും ചെയ്തു.