തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കയ്യേറ്റം ഒഴിപ്പിക്കുന്നത് തുടരുമെന്നും ഒഴിപ്പിക്കലിന് ജെസിബി വേണ്ട, അതിന് നല്ല നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം പ്രതികരിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയത് നിയമപരമായി ഒഴിപ്പിക്കും. ത്യാഗത്തിന്റെയല്ല കയ്യേറ്റത്തിന്റെ കുരിശാണ് പൊളിച്ചതെന്നു കാനം പറഞ്ഞു.

നീക്കിയ കുരിശ് പുനസ്ഥാപിച്ച നടപടി സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ്. കുരിശ് വീണ്ടും സ്ഥാപിച്ചതിനെ നിയമപരമായി നേരിടും. മൂന്നാറിലെ ദൗത്യം പരാജയപ്പെട്ടുവെന്നത് തെറ്റിദ്ധാരണയാണെന്നും കാനം പറഞ്ഞു.

റവന്യു ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതാണെന്നും കാനം വ്യക്തമാക്കി. മൂന്നാര്‍ കയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ആവര്‍ത്തിച്ച് വ്യക്തമാക്കി.