ആലപ്പപ്പുഴ: ശ്രീവല്‍സം ഗ്രൂപ്പിന് ഹരിപ്പാട്ട് ഒത്താശ നല്‍കിയത് യുഡിഎഫ് മുന്‍ മന്ത്രിയെന്ന ടിജെ ആഞ്ചലോസിന്‍റെ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കാനം രാജേന്ദ്രന്‍റെ വക പരിഹാസവും രോഷപ്രകടനവും. ആരോപണം പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ അറിവോടെയാണെന്ന ചോദ്യമാണ് കാനത്തെ ചൊടിപ്പിച്ചത്.

ആദായ നികുതി വകുപ്പ് കോടികളുടെ അനധികൃത നിക്ഷേപം കണ്ടെത്തിയ ശ്രീവല്‍സം ഗ്രൂപ്പിന് ഹരിപ്പാട്ട് ഒത്താശനല്‍കിയത് യുഡിഎഫിന്‍റെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാവുമാണെന്ന് കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ആലപ്പുഴയിലെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ തേടിയത്. ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ നല്‍കിയത് യുഡിഫ് മുന്‍ ഉന്നതനാണെന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം തന്നെയാണോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും എന്ന ചോദ്യത്തോട് പരിഹാസരൂപത്തിലായിരുന്നു കാനത്തിന്‍റെ മറുപടി.

എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് നേർ വിരതീമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ശ്രീവല്‍സത്തിനെതിരെ രംഗത്തു വന്നു.