കാസര്‍കോട്: ദൈവത്തിന്റെ നീതിപീഠമാണ് കാസര്‍ഗോഡ് ജില്ലയിലെ കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം. കാസര്‍കോട്ടെയും തെക്കന്‍ കര്‍ണ്ണാടകക്കാരുടെയും പല ദീര്‍ഘകാല കേസുകളുടെ തീര്‍പ്പ് കല്‍പ്പിക്കുന്നത് ഇവിടെയാണ്. ദീര്‍ഘ നാളത്തെ തര്‍ക്കങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കോടതികളിലെ കേസ് നടത്തിപ്പിനുമൊടുവില്‍ നീതി ബോധത്തിന്റെ ഭൂതസ്ഥാനമായ കാനത്തൂര്‍ നാല്‍വരുടെ ദൈവസ്ഥാനത്ത് മധ്യസ്ഥ തീര്‍പ്പിനായി എത്തുന്നവരില്‍ നാനാജാതി മതസ്ഥര്‍. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവിടുത്തെ തീര്‍പ്പ് കല്‍പ്പിക്കല്‍. ഏകദേശം 700 വര്‍ഷത്തിന്റെ പഴക്കമുണ്ട്.

കാസര്‍കോട് നിന്ന് 30 കിലോമീറ്റര്‍ അകലെ കിഴക്കാണ് കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും മുറതെറ്റിക്കാതെ നിലനില്‍ക്കുന്ന ഇവിടം തുളുനാടിന്റെ വ്യവഹാര രംഗത്ത് അലങ്കരിക്കുന്ന സ്ഥാനം ചെറുതല്ല. കാനത്തൂര്‍ നാല്‍വര്‍ എന്ന വിശ്വാസത്തിന്റെ നീതി നിര്‍വഹണത്തെ അംഗീകരിക്കാത്തവര്‍ ഇവിടെ വിരളമാണ്. ഇവിടെ നീതിയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. അടിയുറച്ച വിശ്വാസത്തില്‍ നിന്ന് ഉയിര്‍ക്കുന്ന നീതി ബോധമാണ് കാനത്തൂരിനെ മറ്റ് ദൈവസ്ഥാനങ്ങളില്‍ നിന്നും ഭിന്നമാക്കുന്നത്. സങ്കീര്‍ണ്ണ വ്യവഹാരങ്ങളുടെ തീര്‍പ്പ് തേടി ഇവിടെ എത്തുന്നത് എല്ലാമതക്കാരുമാണ്. വര്‍ഷത്തില്‍ മൂവായിരത്തോളം കേസുകളാണ് കാനത്തൂരിലെത്തുന്നത്. പണമിടപാടിലെ വഞ്ചന, സ്വത്തുതര്‍ക്കം, വിവാഹമോചനം, മോഷണം, അടിപിടി തുടങ്ങിയ എല്ലാ കേസുകളും ഇവിടെ തീര്‍പ്പ് കല്‍പ്പിക്കുന്നു.

തന്റെ ഭൂമി മറ്റൊരാള്‍ അന്യായമായി കൈവശപ്പെടുത്തിയ കേസില്‍ മറ്റെങ്ങും നീതി ലഭിക്കാതെ വിവശനായ കക്ഷി കാനത്തൂര്‍ ദൈവസ്ഥാനത്തെ സമീപിച്ചാല്‍ മാനേജിങ് ട്രസ്റ്റി എതിര്‍കക്ഷികളെ സ്വന്തം നിലയില്‍ വിളിപ്പിക്കും. ഇതിന് കോടതിയില്‍ നിന്നും വരുന്ന സമന്‍സിനെക്കാളും ഇവിടെയുള്ളവര്‍ വിലകല്‍പ്പിക്കപ്പെടുന്നു. പറഞ്ഞ തീയതിക്ക് കാനത്തൂരില്‍ എത്തുന്ന ഇരുകക്ഷികളോടും പ്രശ്‌നത്തിന്റെ വിശദവിവരം ആവശ്യപ്പെടുന്ന ദൈവസ്ഥാനം ഭാരവാഹികള്‍ അവശ്യമെങ്കില്‍ സ്ഥലപരിശോധനയും നടത്തിയ ശേഷം ട്രസ്റ്റി ഇരുകക്ഷികളെയും വിചാരണ ചെയ്യുന്നു. തുടര്‍ന്ന് ദൈവസ്ഥാനം അധികാരിയുടെ വിധി ഇരുകൂട്ടരും അംഗീകരിക്കുകയാണ് പതിവ്. കാനത്തൂരിനെ അറിയുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമെ ബാംഗ്ലൂര്‍, മൈസൂര്‍, മടിക്കേരി, പുത്തൂര്‍, സുള്ള്യ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവര്‍ കേസുകളുടെ ഭാണ്ഡകെട്ടുമായാണ് ഇവിടെയെത്തുന്നത്. 

ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ വകീലന്മാരും, ജഡ്ജിമാര്‍വരെയും ഇതില്‍പ്പെടും. കാനത്തുരിലെ പുതുകുടി നായര്‍ തറവാട്ടു കാര്‍ക്കാണ് ദൈവ സ്ഥാനം നടത്തിപ്പ്. പടിപ്പുരകളരി, കൊട്ടാരം, കാവ് എന്നീ നാലിടങ്ങളിലായി വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, പഞ്ചുരുളി, ഉഗ്രമൂര്‍ത്തി എന്നീ നാല്‍വര്‍ ദൈവങ്ങളുടെ സാന്നിധ്യമാണ് കാനത്തൂരിനെ പരമോന്നത നീധിപീഠത്തിന്റെ വിധി കര്‍ത്താക്കള്‍. പുതുക്കുടി തറവാട്ടിലെ മൂന്ന് താവഴികളില്‍ ഓരോ താവഴിക്കും മൂന്ന് വര്‍ഷം വീതമാണ് ദൈവസ്ഥാനത്തിന്റെ മാനേജിങ് ട്രസ്റ്റിയാവാനുള്ള അവകാശം. എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഭരണം. നിലവില്‍ കെ.പി.ഗോപാലന്‍ നായരാണ് കാനത്തൂരിലെ മാനേജിങ് ട്രസ്റ്റി.