ടോട്ടനത്തില്‍ ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ് കെയ്നും സാഞ്ചസും
മോസ്കോ: റഷ്യന് ലോകകപ്പില് അഞ്ചു ഗോളുകളുമായി ടോപ് സ്കോററായി കുതിക്കുകയാണ് ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില് പുറത്തിരുന്ന കെയ്ന് ഇന്ന് പ്രീക്വാര്ട്ടറില് തിരിച്ചെത്തുമ്പോള് ടീമിന്റെ വിജയത്തോടൊപ്പം ഗോള് പട്ടികയിലെ ആധിപത്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ടാകും.
ഇംഗ്ലീഷ് നായകന്റെ പ്രതിഭയെ മുന്നില് കണ്ട് കൊളംബിയന് പരിശീലകന് കെയ്നെ പൂട്ടാന് ചുമതലയേല്പ്പിച്ചിരിക്കുന്നത് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഡാവിന്സണ് സാഞ്ചസിനെയാണ്. കുറഞ്ഞ ദെെര്ഘ്യം മാത്രമുള്ള കരിയറില് ഇതിനകം പ്രതിഭ തെളിയിച്ച താരമാണ് സാഞ്ചസ്.
ടോട്ടനത്തില് കെയ്നൊപ്പമാണ് സാഞ്ചസ് കളിക്കുന്നത് എന്നതും പെക്കര്മാന്റെ തന്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രെെക്കര്മാരില് ഒരാളാണ് കെയ്നെന്നാണ് സാഞ്ചസ് പറയുന്നത്. കെയ്നിന്റെ ശക്തി ദൗര്ബല്യങ്ങള് നന്നായി അറിയുന്ന കൊളംബിയന് താരത്തിന് ഇംഗ്ലീഷ് നായകനെ പൂട്ടാന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഫല്ക്കാവോയും സംഘവും.
