Asianet News MalayalamAsianet News Malayalam

കനയ്യക്കും ഉമർ ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റം: 1200 പേജ് കുറ്റപത്രവുമായി ദില്ലി പൊലീസ്

കനയ്യ കുമാറിനും ഉമർ ഖാലിദിനും അനിർബൻ ഭട്ടാചാര്യക്കും മറ്റ് ഏഴ് പേർക്കുമെതിരെയുള്ള കുറ്റങ്ങൾക്ക് തെളിവുണ്ടെന്ന് ദില്ലി പൊലീസ് കുറ്റപത്രത്തിൽ.

Kanhaiya Kumar Raised Anti-India Slogans At JNU syas 1,200-Page Chargesheet
Author
New Delhi, First Published Jan 14, 2019, 3:41 PM IST

ദില്ലി: ജെഎൻയു മുൻ വിദ്യാർഥിയൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറും, വിദ്യാർഥികളായ ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് ദില്ലി പൊലീസ്. പട്യാല കോടതിയിൽ സമർ‍പ്പിച്ച 1200 പേജുള്ള കുറ്റപത്രത്തിലാണ് ദില്ലി പൊലീസിന്‍റെ വാദം.

2016 ഫെബ്രുവരിയിൽ ദില്ലിയിലെ ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്ന അഫ്സൽഗുരു അനുസ്മരണത്തെ - രാജ്യദ്രോഹപരിപാടിയെന്നാണ് കുറ്റപത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്കിടെ കനയ്യയും ഉമറും അനിർബനും കശ്മീരി വിദ്യാർഥികളായ മറ്റ് ഏഴ് പേരും രാജ്യദ്രോഹമുദ്രാവാക്യങ്ങൾ ഉയർത്തിയതിന് തെളിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്.

അഫ്സൽ ഗുരു അനുസ്മരണം നടത്തിയതിന് മൂവരെയും അറസ്റ്റ് ചെയ്ത ദില്ലി പൊലീസിന്‍റെ നടപടി രാജ്യവ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഐ നേതാക്കളായ ആനി രാജയുടെയും ഡി. രാജയുടെയും മകളായ അപരാജിത രാജയും ജമ്മു കശ്മീർ സ്വദേശിയായ ഷെഹ്‍ല റാഷിദും പ്രതിപ്പട്ടികയിലുള്ള മറ്റ് 36 വിദ്യാർഥികളിൽ പെടുന്നു. എന്നാൽ ഇവർക്കെതിരെ നേരിട്ട് തെളിവില്ല എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയസ്വാധീനമാണ് കുറ്റപത്രത്തിന് പിന്നിലെന്ന് കനയ്യ കുമാർ പ്രതികരിച്ചു. ''ലോക്സഭാ തെര‌ഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇത്തരമൊരു കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ രാഷ്ട്രീയം എല്ലാവർക്കുമറിയാം. എനിക്ക് നന്ദി പറയാനുള്ളത് ദില്ലി പൊലീസിനോടും മോദിജിയോടുമാണ്.'' കനയ്യ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios