കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം.

ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിഎസിന് അയച്ച കത്തിലാണ് ഈ ഉറപ്പ്. 

കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുഭാവപൂർവം പരിഗണിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി മുമ്പ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞിരുന്നു. സ്ഥലമെടുപ്പിൽ കാലതാമസമുണ്ടായെന്ന കേന്ദ്ര മന്ത്രിയുടെ വാദം സർക്കാർ ഗൗരവത്തിലെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. വിഎസുമായുള്ള കൂടിക്കാഴ്ചയില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന വാദം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. 

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി നിരവധി പേരാണ് കൃഷിഭൂമി വിട്ടുകൊടുത്തിട്ടുള്ളത്. 2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നൽകിയത് 239 ഏക്കറാണ്. ചുറ്റുമതിൽ കെട്ടി വേർതിരിച്ചതല്ലാതെ 10 വ‍‍ർഷത്തിനിപ്പുറം യാതൊരു നടപടിയുമില്ല. നിർമ്മാണ പങ്കാളിയെ നിശ്ചയിക്കുന്നത് നീണ്ടതും പ്രധാന കാരണായി.