ബംഗളൂരു: കന്നട നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. പാക് അനുകൂല പരാമശം നടത്തിയെന്ന് ആരോപിച്ചാണ് രമ്യക്കെതിരെ മടിക്കേരി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമം ദുരുപയോഗിക്കുകയാണെന്ന് രമ്യ പ്രതികരിച്ചു.
പാകിസ്ഥാനിലെക്ക് പോകുന്നതിലും ഭേദം നരകത്തിലേക്ക് പോകുന്നതാണെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞതിനെതിരെ കോൺഗ്രസ് മുൻ എംപിയും കന്നട നടിയുമായ രമ്യ പ്രതികരിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. പാകിസ്ഥാനിലുള്ളവർ നല്ലവരാണെന്നും താൻ ഇസ്ലാമാബാദ് സന്ദർശിച്ചപ്പോൾ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമ്യയുടെ പ്രതികരണം.
ഈ പരമാർശത്തിന്റെ അടിസ്ഥാനത്തിൽ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടൽ ഗൗഡ എന്ന അഭിഭാഷകൻ മടിക്കേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്. രമ്യയുടെ പാക് പരാർശം ഇന്ത്യക്കെതിരാണെന്നും ഇത് കർണാടകത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘർഷത്തിന് കാരണമായെന്നും വിട്ടൽ ഗൗഡ പരാതിയിൽ പറയുന്നു. ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് തനിക്കെതിരായ പരാതിയെന്ന് രമ്യ പ്രതികരിച്ചു. ബംഗളുരുവിലെ പരിപാടിക്കിടെ ഒരു സംഘം ആളുകൾ ആസാദി മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ ആംനസ്റ്റി ഇന്റർനാഷണലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.
