ഇന്ധനവില കുറയ്ക്കില്ലെന്ന കേരളത്തിന്‍റെ നിലപാട് തെറ്റെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ദില്ലി: ഇന്ധനവില കുറയ്ക്കില്ലെന്ന കേരളത്തിന്‍റെ നിലപാട് തെറ്റെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നും കൂട്ടിയ തുക കേന്ദ്രം ആദ്യം കുറയ്ക്കട്ടെ എന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിലാണ് കണ്ണന്താനം നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയത്. 

ഡീസൽ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാൽ മതിയാകില്ല. രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നുമുള്ള നിലപാടാണ് തോമസ് ഐസക് കൈക്കൊണ്ടത്. 

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്.