കന്നൗജ്: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍വെച്ചു നടന്ന ഒരു കല്ല്യാണ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുടുംബങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ പങ്കുചേര്‍ന്ന ഒരു കല്ല്യാണം.
കല്ല്യാണവീട്ടില്‍ വെച്ച് രണ്ടുപേര്‍ തമ്മിലുണ്ടായ കലഹമാണ് മധുവരന്മാരെ അടക്കം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് വധൂവരന്‍മാര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെ വിവാഹവും പൊലീസ് സ്റ്റേഷനില്‍ വെച്ച് നടത്തുകയായിരുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കളും പൊലീസുകാരും ചടങ്ങിന് സാക്ഷികളായി.
പൊലീസ് സ്റ്റേഷനിലെ കല്ല്യാണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. കൗതുകത്തോടെയാണ് പലരും വാര്‍ത്ത കാണുന്നത്. ഒരു കല്ല്യണം നടത്തി കൊടുത്ത പൊലീസുകാര്‍ക്ക് ആശംസകള്‍ എത്തുന്നുണ്ടെങ്കിലും പരാതി നല്‍കുവാന്‍ എന്തിനാണ് വധുവും വരനും നേരിട്ടുപോയതെന്ന സംശയവുമായിട്ടാണ് ചിലര്‍ എത്തുന്നത്.
