കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിപിഎം- പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. പൊലീസ് പച്ചകളളമാണ് പറയുന്നത് എന്ന് നേരത്തെ ബോധ്യമായിരുന്നു.
ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ് നേരത്തെ പറഞ്ഞിരുന്നു. സിപിഎം ജില്ലാ നേത്യത്വം പ്ലാന്‍ ചെയ്ത കൊലപാതകമാണ് ഇത്. ഇതെല്ലാം സിപിഎം- പൊലീസ് ഒത്തുകളിയുടെ ഭാഗമാണ്. പ്രാദേശിക നേത്യത്വത്തിന്‍റെ തലയില്‍ ഈ കൊലപാതകം സിപിഎം കെട്ടിവെക്കാനാണ് ശ്രമിക്കുന്നത് എന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
അതേസമയം, ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ് വെളിപ്പെടുത്തി. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയതെന്ന് നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ്. 26 - 27 വയസ്സുള്ളവർ ആണ് വെട്ടിയ സംഘത്തിൽ ഉള്ളത്. ആകാശ് ആ സംഘത്തിൽ ഇല്ലെന്നും നൗഷാദ് ഉറപ്പിച്ച് പറയുന്നു.
ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ആകാശ് തില്ലങ്കരിയെ നൗഷാദിന് നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലെന്നും നൗഷാദ് പറയുന്നു.
