Asianet News MalayalamAsianet News Malayalam

ബാബുവിന്‍റേത് കൊലപാതകം, ന്യൂമാഹി ഇരട്ടക്കൊലയുടെ പ്രതികാരം..?

  • ബാബുവിന്‍റെ കൊലയ്ക്കുള്ള മറുപടി എന്ന നിലയിലാണ് കലാഗ്രാമത്തില്‍ വച്ച് ഷമേജിനെ വധിച്ചത്. 
  • കൊടിസുനിയടക്കമുള്ളവര്‍ പ്രതിയായ 2010-ലെ ഇരട്ടക്കൊലപാതകം  ബാബുവാണ് ആസൂത്രണം ചെയ്തതെന്ന് ആര്‍എസ്എസ്-ബിജെപി പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു
kannur double murder

കണ്ണൂര്‍:കണ്ണൂരില്‍ മിനിട്ടുകളുടെ ഇടവേളയില്‍ സിപിഎം നേതാവും ആര്‍എസ്.എസ് പ്രവര്‍ത്തകനും കൊലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. 2010-ല്‍ ന്യൂമാഹിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വധിച്ച സംഭവത്തിന്‍റെ പ്രതികാരമായാണ് സിപിഎം നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ  വധിച്ചതെന്നാണ് പോലീസ് നിഗമനം. ബാബുവിന്‍റെ കൊലയ്ക്കുള്ള മറുപടി എന്ന നിലയിലാണ് കലാഗ്രാമത്തില്‍ വച്ച് ഷമേജിനെ വധിച്ചത്. 

ബാബുവിന്‍റേത് മാഹിയ്ക്ക് പുറത്ത് നിന്നെത്തിയ സംഘം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെങ്കില്‍ ഇതിനുള്ള മറുപടി എന്ന നിലയില്‍ പെട്ടെന്ന് സംഘടിച്ച പ്രദേശവാസികളായ ചിലരാണ് ഷൈനേജിനെ കൊന്നത്. ബാബുവിനെ കൊന്നത് നാല് പേരടങ്ങിയ ഒരു സംഘമാണെന്നും കൊലപാതകശേഷം ഇവര്‍ മാഹിയില്‍ നിന്നും രക്ഷപ്പെട്ടെന്നും പോലീസ്  കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളായ എട്ട് പേരാണ് ഷമേജിനെ കൊന്നത്. ഇവരില്‍ പലരേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. 

2010- ല്‍ ചാലക്കരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറ് പേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍  സിപിഎമ്മുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനുള്ള തിരിച്ചടിയായാണ് ന്യൂമാഹിയിലെ കലാഗ്രാമത്തില്‍ വച്ച്  മെയ് 28-ന് ഷിനോജ്,വിജിത്ത് എന്നീ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. 

കൊടിസുനിയടക്കമുള്ളവര്‍ പ്രതിയായ 2010-ലെ ഇരട്ടക്കൊലപാതകം സിപിഎം കൗണ്‍സിലറായിരുന്ന ബാബുവാണ് ആസൂത്രണം ചെയ്തതെന്ന് പണ്ടു തൊട്ടേ ആര്‍എസ്എസ്-ബിജെപി പ്രാദേശിക നേതൃത്വം പരസ്യമായി ആരോപിച്ചിരുന്നു. ഈ കേസിന്‍റെ വിചാരണ കഴിഞ്ഞ ആഴ്ച്ചയാണ് പുതുച്ചേരി കോടതിയില്‍ ആരംഭിച്ചത്.  ഇരട്ടക്കൊലയുടെ എട്ടാം വാര്‍ഷികത്തിന് മുന്‍പേ തന്നെ ബാബുവിനെ കൊല്ലും എന്ന രീതിയിലൊരു അഭ്യൂഹം കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രദേശത്തെ ആര്‍എസ്എസ് മേഖലകളില്‍ പ്രചരിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം മെയില്‍ ബാബുവിന്‍റെ വീടിന് പരിസരത്ത് അജ്ഞാതരായ ഒരു സംഘം എത്തുകയും പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. സിപിഎം നേതാവിനെ വധിക്കാന്‍ ഗുണ്ടാസംഘം വീട്ടിലെത്തിയ സംഭവം അന്ന് മാധ്യമങ്ങളിലും വാര്‍ത്തയായി. തന്നെ വധിക്കാന്‍ ഒരു സംഘം പിറകിലുണ്ടെന്ന് ബാബുവിനും കൃത്യമായി അറിയാമായിരുന്നുവെങ്കിലും മറ്റൊരു രക്ഷപ്പെടലിന് ഇന്നലെ അവസരം ലഭിച്ചില്ല. 

അതേസമയം ബാബു കൊല്ലപ്പെട്ട ശേഷം മാഹിക്കടുത്ത് പൂക്കോം എന്ന പ്രദേശത്ത് കൂടി കടന്നു പോയ ഒരു കാറിനെ സംബന്ധിച്ചും അന്വേഷണം ശക്തമായിട്ടുണ്ട്. വ്യാജനന്പര്‍ പ്ലേറ്റുള്ള ഈ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നുവെങ്കിലും തങ്ങള്‍ മാഹിയിലുള്ള സിപിഎമ്മുകാരാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞത്. വണ്ടിയ്ക്കുള്ളിലെ അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നം ഇവര്‍ കാണിക്കുകയും ചെയ്തതോടെ സിപിഎമ്മുകാര്‍ ഇവരെ കടന്നു പോകാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ബാബുവിന്‍റെ കൊലയാളികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് സിപിഎം നേതാക്കള്‍ തന്നെ ഇപ്പോള്‍ സംശയിക്കുന്നത്.  

Follow Us:
Download App:
  • android
  • ios