കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. കണ്ണൂരിന് പുറമേ മാഹിയിലും സംഘപരിവാർ സംഘടനകൾ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് പഴയങ്ങാടി കക്കംപാറ സ്വദേശിയായ ചുരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായി സ്വദേശമായ കുന്നരുവിലേക്ക് കൊണ്ട് പോകും. വൈകുന്നേരത്തോടെ സംസ്കാരം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ സംഘർഷം ഉണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുള്ളതിനാല്‍ വൻ സുരക്ഷാ സന്നാഹമാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.