Asianet News MalayalamAsianet News Malayalam

അക്രമ രാഷ്ട്രീയത്തിന്‍റെ ഇര, അല്ല ഡോക്ടര്‍ അസ്ന

  • അക്രമ രാഷ്ട്രീയത്തിന്‍റെ ഇര, അല്ല ഡോക്ടര്‍ അസ്ന
kannur hate politics victim asna today she is Doctor asna

കണ്ണൂര്‍: അക്രമ രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ അസ്ന എന്ന പെണ്‍കുട്ടി. കണ്ണൂരിലെ അക്രമങ്ങളോ രാഷ്ട്രീയമോ അറിയാത്ത പ്രായത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ബോംബ് വന്നുവീണ് കാലിന് പരിക്കേറ്റു. തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് കാല് നഷ്ടപ്പെട്ട് കൃത്രിമക്കാലില്‍ നടന്നു തുടങ്ങിയ അസ്നയുടെ ജീവിതം ഇന്ന് ഡോ. അസ്നയില്‍ എത്തി നില്‍ക്കുകയാണ്. തന്നെ തേടിയെത്തിയ ദുരന്തം ശരീരത്തിന്‍റെ ബലം കുറച്ചെങ്കിലും മനസിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് തെളിയിക്കുകയാണവള്‍. അക്രമരാഷ്ട്രീയത്തിന്‍റെ ദുരന്തനായിക എന്ന  മേല്‍വിലാസത്തിന് അസ്ന ഡോക്ടര്‍ എന്ന്  തിരുത്തെഴുതിയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് എംബിബിഎസ് പരീക്ഷയില്‍ വിജയിച്ച വിവരം അസ്ന അറിഞ്ഞത്. ഹൗസ് സര്‍ജന്‍സി കൂടി പൂര്‍ത്തിയാക്കിയാല്‍ ഡോക്ടേഴ്സ് അക്രഡിറ്റേഷനും അസ്നയ്ക്ക് ലഭിക്കും. 2013ലായിരുന്നു എംബിബിഎസ് പ്രവേശനം.  പിന്നീടുള്ള ജീവിത പോരാട്ടമായിരുന്നു അസ്നയെ ശ്രദ്ധേയമാക്കിയത്.

kannur hate politics victim asna today she is Doctor asna

ശാരീരികമായ പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിട്ട പെണ്‍കുട്ടി ഇന്ന് ഡോക്ടര്‍ അസ്നയിലേക്കെത്തിയത് കഠിന പരിശ്രമത്തിനൊടുവിലായിരുന്നു. അസ്നയ്ക്ക് സഹായമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുവച്ച് നല്‍കി. മെഡിക്കല്‍ കോളജില്‍ അസ്നയ്ക്കായി പ്രത്യേക ലിഫ്റ്റ് സൗകര്യവും അന്ന് സര്‍ക്കാരര്‍ ഒരുക്കിയിരുന്നു.

2000 സെപ്തംബര്‍ 27നായിരുന്നു അസ്നയെ തേടി ദുരന്തമെത്തിയത്. അന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തില്‍ വീടിനടുത്തുള്ള പൂവത്തൂര്‍ എല്‍പി സ്കൂള്‍  ബൂത്തിലേക്കെറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. സഹോദരന്‍ ആനന്ദിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു

Follow Us:
Download App:
  • android
  • ios