കരുണ, കണ്ണൂർ ബിൽ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു

First Published 6, Apr 2018, 3:08 PM IST
kannur karuna medical college bill government to pass
Highlights
  • അടി കിട്ടിയിട്ടും സർക്കാർ മുന്നോട്ട്
  • ബിൽ ഇന്ന് ഗവർണ്ണർക്ക് അയക്കും
  • ബിൽ ശരിയെന്ന് ബാലൻ
  • ഒപ്പിടരുതെന്ന് സുധീരൻ

തിരുവനന്തപുരം: കണ്ണൂർ,കരുണ മെഡിക്കൽ കോളേജുകൾ ചട്ടം ലംഘിച്ച് മുൻ വർഷം നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്ന ബിൽ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു. നിയമ വകുപ്പിന് കൈമാറി. ബില്‍ സർക്കാർ ഇന്ന് ഗവർണ്ണർക്ക് അയക്കും. 

അതേസമയം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. 4  ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം. 

മറുഭാഗത്ത്, ബില്ലിനെ ചൊല്ലി രാഷ്ട്രീയ പോരും മുറുകയാണ്. ബിൽ രാഷ്ട്രീയമായും നിയമപരമായും ശരിയാണെന്ന് നിയമമന്ത്രി എകെ ബാലൻ പറഞ്ഞു. ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് വിഎം സുധീരൻ ഗവർണ്ണർക്ക് കത്ത് നൽകി. സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായെങ്കിലും ബില്ലുമായി സർക്കാർ മുന്നോട്ട് തന്നെ.  ഓർഡിനൻസിനാണ്  സ്റ്റേ ബില്ലിനല്ലെന്നാണ് വിശദീകരണം. സ്പീക്കർ ഒപ്പിട്ട ബില്ലിൽ ആരോഗ്യ-നിയമ സെക്രട്ടറിമാർ ഒപ്പിടണം, നിയമമന്ത്രിയും മുഖ്യമന്ത്രിയും കണ്ട ശേഷം ഇന്ന് തന്ന ഗവർണ്ണർക്ക് അയക്കും.

എന്നാല്‍, സര്‍ക്കാരിനെ വെട്ടിലാക്കാനുളള സുവര്‍ണാവസരം കളഞ്ഞുകുളിച്ചെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ബിജെപിയിലും ഭിന്നത നിലനില്‍ക്കുന്നു, ബില്ലിനെ ആദ്യം പിന്തുണച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എംപിയുടെ പരസ്യപ്രസ്താവനയോടെ മലക്കം മറിഞ്ഞു. എങ്കിലും വിദ്യാര്‍ത്ഥി താല്‍പര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുമ്മനം കത്തയച്ചതില്‍ മുരളീധര വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. വേണ്ടത്ര ചർച്ച കൂടാതെ ചെന്നിത്തലയും കുമ്മനവുമൊക്കെ  പിന്തുണച്ചുവെന്നാണ് ഇരുപാർട്ടികളിലെയും ബിൽ വിരുദ്ധരുടെ വിമർശനം.

loader