മാഹിയിലും കണ്ണൂരിലും രണ്ടു ദിവസം കൂടി കനത്ത സുരക്ഷ
കണ്ണൂര്‍: ഇരട്ടക്കൊലപാതകങ്ങളെത്തുടർന്നു മാഹിയിലും കണ്ണൂരിനോട് ചേർന്ന പ്രദേശങ്ങളിലും ഏർപ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രണ്ടു കമ്പനി അധിക സേനയെ പുതുച്ചേരി പോലീസ് വിന്യസിച്ചു.
കണ്ണൂർ ജില്ലയിലെ എസ്. ഐമാർ അടക്കം ഉള്ളവരും 3 കമ്പനി അധിക സേനയും മുഴുവൻ സമയവും ക്രമ സമാധാനം ഉറപ്പുവരുത്താൻ നിലയുറപ്പിച്ചിരിക്കുകയാണ്. മാഹിയിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ മേല്നോട്ടത്തിനായി പുതുച്ചേരി എസ് പിയും എത്തിയിട്ടുണ്ട്.
രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ പ്രധാന ശ്രമം.
