കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് എക്‌സൈസും സംശയിക്കുമ്പോഴും കേസില്‍ കുടുങ്ങിയ നിലയിലാണ് നിര്‍ധന കുടുംബം.ഇരിട്ടക്കടുത്തുള്ള ദേവമാതാ സെമിനാരിയിലെ റെക്ടറായിരുന്ന ഫാദര്‍ ജെയിംസ് തെക്കേമുറിക്കെതിരെ പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് മെയ് 29 ന് പുലര്‍ച്ചെ 5 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ 1200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
മുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടിയില്‍ നിന്നായിരുന്നു ഇത്. കഞ്ചാവും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയും കുടുംബനാഥന്‍ ജോസഫിനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. എന്നാല്‍ തുറന്ന് കിടന്ന വാഹനത്തില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതും, വൈദികനെതിരെ നല്‍കിയ പരാതിയുടെ പേരില്‍ ഭീഷണികള്‍ നിലനില്‍ക്കുന്നതും ചൂണ്ടിക്കാട്ടി കുടുംബവും ഒപ്പം നാട്ടുകാരും ഇടപെട്ടു.
ഇതോടെ കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്ത് ആരെയും അറസ്റ്റ് ചെയ്യാതെ എക്‌സൈസ് സംഘം മടങ്ങി. വൈദിക വിദ്യാര്‍ത്ഥികളെ കത്തികാട്ടിയും മറ്റും പീഡനത്തിനിരയാക്കിയ കേസില്‍ വിസ്താരം തുടങ്ങാനിരിക്കെ ഇതിന് മുന്‍പ് സാക്ഷികളെ ഇല്ലായ്മ ചെയ്യാന്‍ കഞ്ചാവ് കൊണ്ടുവെച്ച് ഏകമകനെ കുടുക്കിയതാണെന്നാണ് കുടംബം പറയുന്നത്.
കഞ്ചാവുണ്ടെന്ന പേരില്‍ രഹസ്യ വിവരമത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. വൈദികനെതിരായ പരാതിയുട പേരില്‍ കുടുംബത്തിനെതിരെ നിരന്തരം ഭീഷണികളും നിലവിലുണ്ടായിരുന്നു. ലൈംഗിക പീഡനക്കേസില്‍ വൈദികന്‍ അറസ്റ്റിലാവുകയും സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം സംഭവത്തില്‍ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്, ഈ നിര്‍ധന കുടുംബത്തെ നന്നായറിയാവുന്ന നാട്ടുകാര്‍. എന്നാല്‍ കഞ്ചാവ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയാണ് എക്‌സൈസ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെങ്കിലും പക്ഷെ ഇത് അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂവെന്നും എക്‌സൈസ് നിലപാട് വ്യക്തമാക്കുന്നു.
