കണ്ണൂര്‍: ചെറുപുഴയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെറുപുഴ ചന്ദ്രവേല്‍ വെള്ളരിക്കുന്നില്‍ ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ രാഘവന്‍, ഭാര്യ ശോഭ,മകള്‍ ഗോപിക എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ വിമലകോളേജില്‍ ബിരുദവിദ്യാര്‍ത്ഥിനിയും ദേശീയ ഹാന്‍ഡ് ബോള്‍ താരവുമാണ് ഗോപിക.

രാഘവനേയും ശോഭയേയും തൂങ്ങിമരിച്ച നിലയിലും മകള്‍ ഗോപികയെ കിടപ്പുമുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ ഇവരുടെ മകന്‍ ജിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജിതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.