കാണ്‍പൂര്‍: മദ്യം വാങ്ങാന്‍ പണത്തിനു വേണ്ടി പതിനഞ്ചുകാരിയായ മകളെ പിതാവ് വിറ്റു. കാണ്‍പൂരിലെ റാത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വീട്ടില്‍ വരുന്ന ചിലര്‍ മോശമായി പെരുമാറിയപ്പോഴുണ്ടായ സംശയത്തെത്തുടര്‍ന്ന് പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പവായ് സ്വദേശിയായ ഒരാള്‍ക്ക് തന്നെ പിതാവ് വിറ്റുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറേപ്പേര്‍ വീട്ടില്‍ വന്നുപോകുന്നുണ്ടെന്നും അവര്‍ തന്നോട് മോശമായി പെരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നുമായിരുന്നു പരാതി. പോലീസ് അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാങ്ങിയ ആള്‍ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിതാവ് ഒളിവിലാണ്. കാര്യമായ പണിയൊന്നുമില്ലാത്ത ഇയാള്‍ ദിവസവും മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ എളുപ്പവഴിയായാണ് മകളെ വിറ്റതെന്ന് പൊലീസ് പറയുന്നു.