കാൺപൂർ: തീവണ്ടി അപകടവും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി..അപകടത്തിന് പിന്നിൽ അതിർത്തിക്കപ്പുറത്തു നിന്നുള്ള ഗൂഢാലോചനയെന്ന് ആദ്യമായി പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ്. ഗൂഢാലോചനക്കാരെ സഹായിക്കുന്നവർ ഉത്തർപ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തിന്‍റെ സുരക്ഷ എന്താകുമെന്നും മോദി ചോദിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് 150 പേരുടെ മരണത്തിനിടയാക്കിയ കാൺപൂർ തീവണ്ടി അപകടം നടന്നത്. അപകടത്തിന് പിന്നിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകി എന്നാണ് ബീഹാർ പൊലീസ് വെളിപ്പെടുത്തിയത്. ഐഎസ്ഐ ബന്ധമുള്ള നേപ്പാൾ പൗരനും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

എന്നാൽ ഇക്കാര്യങ്ങളൊന്നും പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ സ്ഥിരീകരിച്ചിരുന്നില്ല..ഇത് വെളിപ്പെടുത്താൻ ഉത്തർപ്ദേശിലെ പ്രചാരണ വേദി തന്നെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുന്നവർ തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം എങ്ങനെ സുരക്ഷിതമാകുമെന്ന മോദിയുടെ ചോദ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രസക്തമാണ്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ ധ്രുവീകരിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് ഖബരിസ്ഥാൻ പരാമർശത്തിന് പിന്നാലെ കാൺപൂർ തീവണ്ടി അപകടവും മോദി ഉപയോഗിക്കുന്നത്.