തിരുവനന്തപുരം: കാന്തപുരം സുന്നിവിഭാഗത്തിന്‍റെ വാർഷിക സമ്മേളനത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ടു നിന്നു. കാന്തപുരം പൂർണമായും ഇടത് പക്ഷത്തേക്ക്  അടുക്കുന്ന  സാഹചര്യത്തിലാണ് യു.ഡിഎഫ് നേതാക്കൾ  മർക്കസ് സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നത്. ആര്  വിട്ടുനിന്നാലും സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം വ്യക്തമാക്കി.

മർക്കസ് നാൽപതാം വാർഷിക സമ്മേളനത്തിൽ നിന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നത്.എൽ.ഡി.ഫ് നേതാക്കളും ബിജെപി നേതാക്കളും സമ്മേളനത്തിന്‍റെ ഭാഗമായുള്ള പരിപാടികളിൽ  പങ്കെടുത്തിരുന്നു. കോൺഗ്രസ്സ് നേതാക്കൾ വിട്ടു നിന്നത് ലീഗിന്‍റെ സമ്മർദ്ദത്താൽ ആണെന്ന് ആരോപണവും ഉയർന്നു.എന്നാൽ. യു.ഡി.എഫ് നേതാക്കൾ ബഹിഷ്കരിച്ചതായി അറിയിയില്ലെന്നും  ബഹിഷ്കരണമില്ലെന്നാണ് ഉമ്മൻ ചാണ്ടി അറിയിച്ചതെന്നും കാന്തപുരം  എ.പി അബൂബക്കർ മുസ്ല്യാർ പറഞ്ഞു. ആരും വരാത്തതിൽ തനിക്ക്  വിഷമമില്ലെന്നും കാന്തപുരം വ്യക്തമാക്കി.

യു.ഡി.എഫ് ഭരിക്കുമ്പോൾ ആനുകൂല്യങ്ങൾ പറ്റുകയും പിന്നീട് എൽഡി.എഫിനെ തുണക്കുകയുമാണ് കാന്തപുരവും കൂട്ടരുമെന്നാണ് ലീഗിന്‍റെ പരാതി. കാന്തപുരവുമായി സൗഹാർദം തുടരേണ്ടതില്ലെന്ന സൂചനതന്നെയാണ് ലീഗ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.