ബംഗലൂരു: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിജയിച്ചു. ബിഎസ്‌പിയുടെ പിന്തുണയോടെയാണ് സിബില്‍ ജയിച്ചത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ജയറാം രമേശ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, രാമമൂര്‍ത്തി എന്നിവരും ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും ജയിച്ചു.

അതേസമയം, ജനതാദള്‍ എസിന്റെ സ്ഥാനാര്‍ത്ഥിയായ മംഗളൂരു വ്യവസായി ബി എം ഫറൂഖ് തോറ്റു. ജെഡിഎസ്സ് വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കിയാണ് രണ്ട് സീറ്റ് വിജയസാധ്യതയുണ്ടായിരുന്ന കോണ്‍ഗ്രസ് അട്ടിമറി ജയം സ്വന്തമാക്കിയത്. ബാങ്ക് വായ്പാ കേസില്‍ രാജ്യസഭാംഗത്വം നഷ്‌ടമായ മദ്യരാജാവ് വിജയ് മല്യക്ക് പകരം ഫറൂഖിനെ പരിഗണിച്ചത് ജനതാദളില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ചിരുന്നു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഓ.പി മാഥുര്‍ എന്നിവരുള്‍പ്പെടെ ബിജെപിയുടെ നാല് സ്ഥാനാര്‍ത്ഥികളും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.