180 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും 12 ബ്ലോക്കുകളിലെ 140 വീടുകൾ നഗരസഭ നേരിട്ട് പൂർത്തിയാക്കും
തിരുവനന്തപുരം: ഏറെകാലത്തെ ദുരിതത്തില്നിന്നും കരിമഠം കോളനി നിവാസികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കോളനി നിവാസികള്ക്കായി നിര്മാണം പൂര്ത്തിയായ 180 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ രണ്ടിന് നിർവ്വഹിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയായി ബി.എസ്.യു.പി പദ്ധതിപ്രകാരം മണക്കാട് വാർഡിലെ കരിമഠം കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ നഗരസഭ ആരംഭിച്ചത്. ഡി.പി.ആർ.പ്രകാരം 560 വീടുകൾ, അംഗൻവാടികൾ ,കമ്മ്യൂണിറ്റി കെട്ടിടങ്ങൾ ,അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിർമ്മാണവും ഉൾപ്പെടുന്ന ഒരു ബൃഹത്തായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
2007-ലെ സർവ്വെപ്രകാരം 2,347 ആളുകളാണ് കരിമഠം കോളനിയിൽ താമസം ഉണ്ടായിരുന്നത്. കരിമഠം കോളനിയിൽ നിലവിലുള്ള കുടിലുകൾ പൊളിച്ചു മാറ്റിയശേഷം ആളുകളെ മാറ്റിതാമസിപിച്ച് പ്രസ്തുത സ്ഥലത്ത് ഫ്ളാറ്റ് നിർമ്മിച്ച് നൽകിവരികയാണ്. 28 ബ്ലോക്കുകളിലായി ഓരോ ബ്ലോക്കിലും 20 വീടുകൾ വച്ച് 560 വീടുകളാണ് കരിമഠത്ത് നിർമ്മിക്കേണ്ടത്. ഗവൺമെന്റ അക്രിഡിറ്റസ് ഏജൻസിയായ M/S കോസ്റ്റ് ഫോർഡാണ് കരിമഠം കോളനി നിർമമാണ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളത് . ഏഴ് ബ്ലോക്കുകളിലായി 140 വീടുകൾ ഇതിനകം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു , ഒന്പത് ബ്ലോക്കുകളിലായി പണി പൂർത്തിയായ 180 വീടുകളുടെ താക്കോൽ ദാനം ജൂൺ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
തുടർന്നുള്ള 12 ബ്ലോക്കുകളിലെ 140 വീടുകൾ നഗരസഭ നേരിട്ട് പൂർത്തിയാക്കും. കൂടാതെ കരിമഠം കോളനിയിൽ ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി 80 വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുണ്ട് ഈ നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനവും ജൂൺ 2ന് നടക്കുന്ന ചടങ്ങിൽവച്ച് നിർവ്വഹിക്കപ്പെടും. പദ്ധതിപ്രകാരമുള്ള സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളായി അംഗൻവാടി ,മാർക്കറ്റ് എന്നിവ പൂർത്തിയായിട്ടുണ്ട്. ലൈബ്രറി ,രണ്ട് അംഗൻവാടി, സ്റ്റഡിസെന്ററുകൾ ,കിയോസ്ക്കുകൾ, പ്രൊവിഷൻ സ്റ്റോർ എന്നിവ നഗരസഭ പൂർത്തിയാക്കും.
കരിമഠം കോളനിയിൽ നാളിതുവരെയായി നിർമ്മാണം പൂർത്തിയായ 320 വീടുകൾക്ക് സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കും ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ചിട്ടുള്ളത് 5.37 കോടി രൂപയാണ്. പദ്ധതിയ്ക്കായി മൊത്തം 17.5 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതം കഴിച്ച് ബാക്കി നിൽക്കുന്ന 12.13 കോടിയോളം രൂപ നഗരസഭയാണ് ചെലവഴിച്ചിട്ടുള്ളത്. പൊളിച്ചുമാറ്റുന്ന കുടിലുകളിലെ താമസക്കാർക്ക് ഒരു കുടിലിന് പ്രതിമാസം വാടകയിനത്തിൽ 2000/- രൂപ പൂർത്തീകരണ കാലാവധി വരെ നഗരസഭാ ഫണ്ടിൽ നിന്നും നൽകാനും തീരുമാനിച്ചിട്ടുണ്ട്.
