'കൂട്ടക്കുരുതിയുടെ സൂത്രധാരൻ', എന്നും 'വെറുപ്പിന്‍റെ സൈദ്ധാന്തികൻ' എന്നും ശിലാഫലകത്തിൽ സ്പ്രേ പെയിന്‍റുകൊണ്ട് എഴുതിച്ചേർത്താണ് അ‍ജ്ഞാതർ മാർക്സിന്‍റെ സ്മൃതിമണ്ഡപത്തെ അപമാനിച്ചത്.  

ലണ്ടൻ:കാൾ മാർക്സിന്‍റെ സ്മൃതി കുടീരം അജ്ഞാതർ വീണ്ടും ആക്രമിച്ചു. സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് സ്മാരകത്തിന്‍റെ ശിലാഫലകം വികൃതമാക്കി. രണ്ടാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് മാർക്സിന്‍റെ ശവകുടീരം ആക്രമിക്കപ്പെടുന്നത്. 'കൂട്ടക്കുരുതിയുടെ സൂത്രധാരൻ' എന്നും 'വെറുപ്പിന്‍റെ സൈദ്ധാന്തികൻ' എന്നും ശിലാഫലകത്തിൽ സ്പ്രേ പെയിന്‍റുകൊണ്ട് എഴുതിച്ചേർത്താണ് അ‍ജ്ഞാതർ മാർക്സിന്‍റെ സ്മൃതിമണ്ഡപത്തെ അപമാനിച്ചത്. 

ഫെബ്രുവരി നാലിന് സ്മൃതി മണ്ഡപത്തിന്‍റെ ശിലാഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർക്കാൻ ശ്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തിൽ സ്മാരകത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ദിവസേന ആയിരത്തോളം വിനോദ സഞ്ചാരികളാണ് മാർക്സിന്‍റെ ശവകുടീരം കാണാനെത്തുന്നത്. മാർക്സിന്‍റെ ശവകുടീരത്തിനു നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവും വിഷമവും ഉണ്ടെന്ന് ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ ചുമതലക്കാർ അറിയിച്ചു. ചരിത്രപുരുഷന്‍റെ സ്മൃതികുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്.