കര്‍ണാടകയിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്
കണ്ണൂർ: അവധിക്കാലം ആഘോഷിക്കാന് കര്ണാടക തെരഞ്ഞെടുക്കുന്നവര് കയ്യില് സൂക്ഷിക്കുന്ന പണത്തിന്റെ കാര്യത്തില് നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്. 50,000 രൂപയിൽ കൂടുതൽ പണം കൈവശം വയ്ക്കരുതെന്നാണ് കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലിയുടെ മുന്നറിയിപ്പ്.
കർണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തത്തില് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് ഈ നിയന്ത്രണം.
പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ അനധികൃതമായി കൈവശം വെക്കുന്ന പണം പിടിച്ചെടുക്കാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിന് മതിയായ രേഖകൾ കൈയിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകുന്നത്. പിടിച്ചെടുത്ത പണം കൃത്യമായ രേഖകൾ നൽകിയാൽ സാധാരണ രീതിയിൽ തിരിച്ചു നൽകാറുണ്ടെങ്കിലും യാത്രയില് പ്രയാസം ഉണ്ടാവാതെയിരിക്കാന് കരുതല്വേണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ആവശ്യത്തിനു വേണ്ട പണം യഥാസമയത്ത് പിൻവലിക്കുകയോ ഷോപ്പിങ്ങിനായി പരമാവധി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതോ ആവും ഉത്തമം. വിനോദസഞ്ചാരത്തിനു പുറമേ വ്യാപാരികളും നിരന്തരം കർണ്ണാടകയെ ആശ്രയിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കു പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കർണ്ണാടകയോടു ചേർന്നു കിടക്കുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വ്യാപാരികളാണു കൂടുതലായും വ്യാപാര ആവശ്യങ്ങൾക്കായി കർണ്ണാടകയിലേക്കു പോകുന്നത്.
