കുടിവെള്ളത്തിന് വേണ്ടി പുഴകള്‍ക്കടുത്തുള്ള മണല്‍ത്തിട്ടകള്‍ കുഴിച്ച് തുടങ്ങിയിരിക്കുകയാണ് കല്‍ബുര്‍ഗി,ബല്ലാരി,റായ്ച്ചൂര്‍ തുടങ്ങിയ ഉത്തര കര്‍ണാടകാ ജില്ലയിലെ ഗ്രാമീണര്‍. ഇങ്ങനെ ചെറിയ കുഴികളില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോള്‍ ഇവിടങ്ങളിലെ അമൂല്യവസ്തു. പൊതു കിണറിനും ടാപ്പുകള്‍ക്ക് മുന്നിലും മണിക്കൂറുകള്‍ നീണ്ട നിരയാണ്. 

കിണറുകളും തോടുകളും വറ്റിവരണ്ട പ്രദേശങ്ങളില്‍ ജില്ലാഭരണകൂടമെത്തിക്കുന്ന കുടിവെള്ള ടാങ്കറുകളാണ് ഏക ആശ്വാസം.എന്നാല്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം ചിലയിടങ്ങളില്‍ ഇതും മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പ്രധാന കുടിവെള്ള ശ്രോതസ്സുകളായ പത്ത് അണക്കെട്ടുകളിലും ജലസംഭരണം ഏറ്റവും കുറഞ്ഞ നിലയിലാണ്.ശരീരത്തിലെ ജലാംശം കുറയുന്നത് കാരണം ജനങ്ങള്‍ക്ക് പിടിപെടുന്ന അസുഖങ്ങളുടെ ദുരിതം ഒരു വശത്ത്. 

നിര്‍ജ്ജലീകരണം സംഭവിച്ച് രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ചികിത്സ തേടിയതായി റായ്ച്ചൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.സംസ്ഥാനത്തെ മുക്കാല്‍ ശതമാനം കൃഷിഭൂമികളും വരണ്ടുണങ്ങി.വിള നശിച്ചതിലെ സാമ്പത്തിക നഷ്ടം കൂടിയായതോടെ ദാരിദ്ര്യവും ഗ്രാമീണരെ പ്രതിസന്ധിയിലാക്കുകയാണ്.

കുടിവെള്ള ടാങ്കറുകളിലേയ്ക്കുള്ള വെള്ളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളില്‍ സ്വകാര്യ കുഴല്‍ കിണര്‍ ഉടമകളെ ആശ്രയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാസം ഇരുപതിനായിരം രൂപ വാടക നല്‍കി ഇവരില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

വരള്‍ച്ച ബാധിത ജില്ലകളില്‍ അമ്പത് ലക്ഷം രൂപ മുടക്കി കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്.എന്നാല്‍ അതിരൂക്ഷമായ വരള്‍ച്ചയില്‍ ഇതെല്ലാം എത്രകണ്ട് ഫലം കാണുമെന്നാണ് കണ്ടറിയേണ്ടത്.