കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ശ്രദ്ധാപൂര്‍വം ബിജെപിയും കോണ്‍ഗ്രസും
ബെംഗളൂരു: കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. കേവലഭൂരിപക്ഷത്തിനായി മറുചേരിയിൽ നിന്ന് എംഎൽഎമാരെ കൂടെക്കൂട്ടാനുളള ശ്രമത്തിലാണ് അവസാന മണിക്കൂറിലും ബിജെപി. രണ്ട് ജെഡിഎസ് എംഎൽഎമാരെ ബിജെപി തട്ടിയെടുത്തെന്ന് കുമാരസ്വാമി ആരോപിക്കുക കൂടി ചെയ്തതോടെ ആകാംക്ഷ ഏറുകയാണ്.
രണ്ട് ദിവസത്തേക്ക് മാത്രമാണോ മുഖ്യമന്ത്രി പദവിയെന്ന് വിധാൻ സൗധയിൽ തീരുമാനമാകും. രാവിലെ പതിനൊന്ന് മണിക്കാണ് സഭ ചേരുക. പ്രോടേം സ്പീക്കർക്ക് മുമ്പാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്ക് ഇത് പൂർത്തിയാക്കണം. നാല് മണിക്ക് നിർണായകമായ വിശ്വാസവോട്ടെടുപ്പ്. കണക്കുകളിലാണ് കളി. ആരൊക്കെ മറുകണ്ടം ചാടും ആരെയൊക്കെ ചാക്കിട്ടുപിടിക്കും എന്നതിൽ ആശ്രയിച്ചിരിക്കുന്ന കണക്കുകൾ.
നിലവിൽ സഭയിലെ കക്ഷിനില ഇങ്ങനെയാണ് ആകെ സീറ്റ് 222. എച്ച് ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ അദ്ദേഹത്തിന് ഒരു വോട്ട്. അപ്പോൾ ആകെ വോട്ട് 221 ഇതിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 വോട്ട്. 78 കോൺഗ്രസ്, 37 ജെഡിഎസ്, രണ്ട് സ്വതന്ത്രർ. തങ്ങളുടെ ക്യാമ്പ് വിട്ടു എന്ന് കുമാരസ്വാമി പറഞ്ഞ രണ്ട് ജെഡിഎസ് എംഎൽഎമാരം ആനന്ദ് സിങ്ങും ഉൾപ്പെടെയാണിത്. ബിജെപിയുടെ കക്ഷിനില 104 ആണ്.
