കര്‍ണാടകയില്‍ പരസ്യ പ്രചാരണം അവസാനിച്ചു, ഒപ്പത്തിനൊപ്പം കോണ്‍ഗ്രസും ബിജെപിയും

ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ആവേശത്തിന്‍റെ അവസാന മണക്കൂറുകള്‍ സമ്മാനിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദപ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. ഇന്ന് ആറ് മണിവരെയായിരുന്നു നിശബ്ദ പ്രചരണത്തിന്‍റെ സമയം. പരസ്യപ്രചരണം അവസാനിക്കുന്ന മണിക്കൂറില്‍ സിദ്ധരാമയ്യക്കെതിരെ രൂക്ഷ പരാമര്‍ശവുമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയ്ത. കര്‍ണാടകയിലെ വികസനം ബെംഗളൂരുവിലെ ട്രാഫിക്കിന് സമാനമായി സ്തംഭിച്ചിരിക്കുകയാണെന്ന് ഷാ പരിഹസിച്ചു. സിദ്ധരാമയ്യ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം അദ്ദേഹം തോല്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു. 

130 സീറ്റിലധികം ബിജെപിക്കു ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷാ. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും സഹായത്തില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഞങ്ങളില്ല. രാരാജേശ്വരി നഗറില്‍ കണ്ടത്തിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ഷാ പറ‍ഞ്ഞു.

അതേസമയം സിദ്ധരാമയ്യക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഒരു വാര്‍ത്താ സമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രി നിലപാട് ശരിയല്ലെന്ന് രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. എസ്സി എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോദി പറ‍ഞത്. 

ഇരുഭാഗത്തും ശക്തമായ പ്രചരണമാണ് നടന്നത്. വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് കഴിഞ്ഞ ഒരു മാസമായി കർണാടകം കണ്ടത്. ആറ് ദിവസങ്ങളിലായി 21 റാലികളിലാണ് മോദി പങ്കെടുത്തത്. മോദിയുടെ റാലികൾക്കെത്തിയ ആൾക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 

മോദി വിരുദ്ധ പ്രചാരണത്തിലും ഭരണനേട്ടങ്ങളിലും പ്രതീക്ഷവെക്കുകയാണ് കോൺഗ്രസ്. കനത്ത സുരക്ഷയാണ് പ്രചാരണം തീരുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന മണിക്കൂറുകളിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുകാനുളള സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.