Asianet News MalayalamAsianet News Malayalam

അന്ധവിശ്വാസ നിരോധനബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം

Karnataka Cabinet clears anti superstition bill
Author
First Published Sep 27, 2017, 11:25 PM IST

ബംഗളൂരു: അന്ധവിശ്വാസ നിരോധനബില്ലിന് ഭേദഗതികളോടെ കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഉപസമിതി ശുപാർശകളിൽ നിന്ന് ജ്യോതിഷം,വാസ്തു എന്നിവയെ ഒഴിവാക്കി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

അന്ധവിശ്വാസ നിരോധന ബില്ലും അതിലേക്കുളള ശുപാർശകളും പൊടിപിടിച്ചുതുടങ്ങിയെന്ന വിമർശനമുയരുമ്പോഴാണ് സിദ്ധരാമയ്യ സർക്കാർ ബില്ലിന് അംഗീകാരം നൽകുന്നത്.2013ൽ അധികാരത്തിലേറിയപ്പോൾ വാഗ്ദാനം ചെയ്ത നിയമനിർമാണത്തിലേക്കെത്തുമ്പോൾ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട് മന്ത്രിസഭ.നാഷണൽ ലോ സ്കൂളും ഉപസമിതിയും നൽകിയ ശുപാർശകളിൽ ചിലത് ഒഴിവാക്കിയാണ് അന്തിമരൂപം നൽകിയത്.ഇതനുസരിച്ച് നിരോധിക്കേണ്ട അന്ധവിശ്വാസങ്ങളുടെ പട്ടികയിൽ നിന്ന് വാസ്തുവും ജ്യോതിഷവും പുറത്താവും.

വിശ്വാസത്തിന്‍റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത്,സംന്യാസികളുടെ അത്ഭുത സിദ്ധികൾ പ്രചരിപ്പിക്കൽ,വഴിപാടുകൾ എന്നിവയൊന്നും തടയില്ല. എന്നാൽ ദുർമന്ത്രവാദം,മ നുഷ്യജീവന് ഭീഷണിയായ പൂജകൾ,നഗ്നരാക്കി നിർത്തിയുളള ചടങ്ങുകൾ എന്നിവ നിരോധിക്കും.ദക്ഷിണ കന്നഡയിൽ ബ്രാഹ്മണരുടെ ഭക്ഷണ അവശിഷ്ടങ്ങളിൽ ദളിതർ ശയനപ്രദക്ഷിണം നടത്തുന്ന മദെ സ്നാന എന്ന ചടങ്ങാണ് നിരോധിക്കുന്നവയിൽ പ്രധാനം.

ശാസ്ത്രത്തിന്‍റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്നാണ് ബില്ല് നിർവചിക്കുന്നത്.അനാചാരങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ സമ്മതം രക്ഷപ്പെടാനുളള വഴിയാവില്ല.ജാമ്യമില്ലാത്ത വകുപ്പാണ് ചേർക്കുക.കുറ്റം തെളിഞ്ഞാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും.തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പാസാക്കാനാണ് സർക്കാർ നീക്കം.കഴിഞ്ഞ വർഷം ബില്ല് കൊണ്ടുവന്നപ്പോൾ മന്ത്രിസഭയിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും മാത്രമാണ് അനുകൂലിച്ചത്. എന്നാൽ ഭേദഗതികളോടെ ഇത്തവണ അംഗീകരിക്കുകയായിരുന്നു.ദുർബലമായ ബില്ലാണ് സർക്കാർ കൊണ്ടുവന്നതെന്ന വിമർശനം യുക്തിവാദികൾ ഇതിനോടകം ഉയർത്തിക്കഴിഞ്ഞു.

 

Follow Us:
Download App:
  • android
  • ios