ബംഗലൂരു: ഔദ്യോഗിക വാഹനത്തിന്റെ മുകളില്‍ കാക്ക വന്നിരുന്നത് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്കകം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വാഹനം മാറ്റി. ആദ്യത്തെ വണ്ടിയായ ഫൊര്‍ച്യൂണറിന്‍റെ അതേമോഡല്‍ വാഹനം തന്നെയാണ് രണ്ടാമതും വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ വെള്ള ഫോര്‍ച്യൂണറിന്റെ മുന്‍ഭാഗത്ത് കാക്ക വന്നിരുന്ന കാര്യം കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാക്കയെ ഓടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും കാക്ക മാറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വണ്ടി മാറ്റി പാര്‍ക്ക് ചെയ്തു. എന്നിട്ടും കാക്കയുണ്ടോ വിടുന്നു.

മുഖ്യമന്ത്രിയുടെ വാഹനം തന്നെ കാക്കയ്‌ക്കിഷ്‌ടം.പത്ത് മിനിറ്റോളം നീണ്ട കാക്ക കസര്‍ത്ത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ കാര്യം അശുഭ ലക്ഷണമാണോയെന്ന ധ്വനി പല കോണുകളില്‍ നിന്നായി ഉയര്‍ന്നു.ചര്‍ച്ചയില്‍ പങ്കെടുത്തവരാകട്ടെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന സിദ്ധരാമയ്യയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം പോകാനിരിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് കാക്ക സാന്നിദ്ധ്യമെന്നും വെച്ച് കാച്ചി. സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ട് വരുമെന്ന് നിരന്തരം പറഞ്ഞുക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഇത് നിരസിച്ചു.

എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷം വാഹനം മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. പഴയ ഫോര്‍ച്യൂണറിന് പകരം അതേ മോഡല്‍ അതേ നിറത്തില്‍ മറ്റൊരു ഫോര്‍ച്യൂണര്‍. പഴയ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ച കാരണമാണ് പുതിയ വാഹനമെന്ന് വിശദീകരിക്കുന്നു മുഖ്യമന്ത്രി. ഈ കാരണമാണെങ്കില്‍ വാഹനത്തിന്‍റെ മോഡല്‍ മാറ്റാന്‍ മുഖ്യന്‍ തയ്യാറാകാത്തതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.എന്തായാലും സ്ഥാനചലനം പേടിച്ച് ജോത്സ്യന്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ വാഹനം മാറ്റിയതെന്നാണ് തലസ്ഥാനത്തെ സംസാരം.