തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിര്‍ദേശം.  

തിരുവനന്തപുരം: മെയ് 12-ന് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട് ജില്ലകളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. 

അതിര്‍ത്തികളില്‍ അധിക ചെക്ക് പോസ്റ്റുകള്‍ തുറക്കാനും വ്യാജമദ്യം, ആയുധങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ സ്വകാര്യവാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളനോട്ടും പണവും കടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെയും ജാഗ്രത വേണം. ഹോട്ടലുകള്‍,ഗൗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. 

മാവോയ്‌സിറ്റ് നീക്കങ്ങള്‍ കരുതിയിരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. വിഐപി സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ കര്‍ണാടക പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിര്‍ദേശം.