വിജയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇരുപക്ഷവും.

ബംഗളുരു: കർണാടകയിലെ രാഷ്ട്രീയ നാടകത്തിന്‍റെ ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിര്‍ണ്ണായകമായ വിശ്വാസവോട്ട് വൈകിട്ട് നാല് മണിക്ക് കര്‍ണ്ണാടക നിയമസഭയില്‍ നടക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുമ്പോള്‍‌ വിജയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇരുപക്ഷവും.

ഏറെ നാടകീയ മണിക്കൂറുകൾക്ക് ശേഷം ഹൈദരാബാദിൽ നിന്ന് കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ രാവിലെ ബംഗലൂരുവിലേക്ക് തിരിച്ചു. അതിർത്തി മുതൽ കനത്ത സുരക്ഷയിലായിരുന്നു യാത്ര. വിധാൻ സൗധയ്ക്ക് ചുറ്റും ശക്തമായ പൊലീസ് വലയവും, 2 കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളുരു നഗരത്തിലെ ആഡംബര ഹോട്ടലിലായിരുന്നു ബിജെപി എംഎൽഎമാർ. 
കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ യെദ്യൂരപ്പയ്ക്ക് 101 ശതമാനം വിജയപ്രതീക്ഷയാണുളളത്. വൈകുന്നേരം അഞ്ച് മണിക്ക് ആഹ്ലാദപ്രകടനം നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

അതേസമയം, ചാക്കിട്ട് പിടിക്കാൻ ബിജെപി നീക്കം സജീവമെന്ന കുമാരസ്വാമി പറഞ്ഞു. രാവിലെ 10:45ന് തന്നെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരുമായി മൂന്ന് ബസ്സുകൾ വിധാൻ സൗധയിലെത്തിയത്. സഭയിലേക്ക് ആദ്യമെത്തിയത് കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ ആയിരുന്നു. തൊട്ടുപുറകേ 4 ബസ്സുകളിൽ ബിജെപി എംഎൽഎമാരുമെത്തി. 11മണിക്ക് പ്രോടേം സ്പീകർ സഭാനടപടികൾക്ക് തുടക്കമിട്ടു. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇനി വിശ്വാസവോട്ടിന് നാലുമണിവരെയുളള കാത്തിരിപ്പ്.

ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 110 അംഗങ്ങളുടെ പിന്തുണയാണ്. കോണ്‍ഗ്രസിന്‍റെ ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലും എത്തിയില്ല. 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയിലെത്തി. ബിജെപിക്ക് ഉളളത് 104 എംഎല്‍എമാരാണ്.

അതേസമയം, പ്രോടാം സ്‌പീക്കര്‍ ജെ.ജി ബൊപ്പയ്യയെ മാറ്റണമെന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള മറ്റ് മൂന്ന് ആവശ്യങ്ങളിലും അനുകൂല ഉത്തരവ് കിട്ടിയ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.