മലയാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി എൻ ഹാരിസിന് എതിരെയാണ് രേണുകയുടെ മത്സരം
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ മലയാളിയായ ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥ മത്സരരംഗത്തുണ്ട്. പാലക്കാട് സ്വദേശി രേണുക വിശ്വനാഥൻ. ശാന്തി നഗറിൽ എഎപി സ്ഥാനാർത്ഥിയാണ് രേണുക. മലയാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി എൻ ഹാരിസിന് എതിരെയാണ് രേണുകയുടെ മത്സരം.ശാന്തി നഗറിലെ ജോഗുപാളയയിൽ പ്രചാരണത്തിലാണ് രേണുക വിശ്വനാഥൻ.നാല് പതിറ്റാണ്ടോളം സിവിൽ സർവീസിൽ തിളങ്ങിയ പാലക്കാട്ടുകാരിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിത് പുതിയ കാൽവയ്പ്പാണ്. ഒരാളെയും വിടാതെ അഴിമതിക്കെതിരെ അവർ പിന്തുണ തേടുന്നു.
കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയും സംസ്ഥാനത്തെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മീഷണറുമായ രേണുക 2008ല്‍ മന്‍മോഹന്‍ സിങിന്‍റെ കാത്ത് കാബിനറ്റ് സെക്രട്ടറിയായി വിരമിച്ചു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി സി രാഘവന്‍റെ മകളായ രേണുകയുടെ ഭര്‍ത്താവ് വിശ്വനാഥന്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013 ലാണ് ആം ആദ്മി പാര്‍ട്ടിയില്‍ രേണുക ചേരുന്നത്.
എഎപിക്ക് ബെംഗളൂരുവിൽ ഏറ്റവും സ്വാധീനമുളള മണ്ഡലമാണ് ശാന്തി നഗർ. മലയാളിയും സിറ്റിങ് എംഎൽഎയുമായ എൻ.എ ഹാരിസ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. മലയാളികൾ തമ്മിൽ പോരാട്ടമാണിത്. അഴിമതി തൂത്തുവാരാനാണ് വോട്ട്. ഉദ്യോഗത്തിലിരുന്നപ്പോൾ അടുത്തു കണ്ട അനുഭവങ്ങളുണ്ടെന്നും രേണുക പറയുന്നു.
