സിംഗ്‌വിയുടെ വാദം അവസാനിച്ചു

ദില്ലി: കര്‍ണാടകയില്‍ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്‌വിയുടെ വാദം പൂര്‍ത്തിയായി. സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സിംഗ്‌വി തന്‍റെ വാദം അവസാനിപ്പിച്ചത്. 

പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വാദം ഒന്നരമണിക്കൂര്‍ പിന്നിട്ടു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന് മുന്നിലാണ് ഹര്‍ജി. ബിജെപിക്കായി മുകുള്‍ റോത്തകുമാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കോടതിയില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇന്ന് രാവിലെ 9 മണിക്ക് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ്. 

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ക്ഷണിക്കണമെന്നായിരുന്നു മനു അഭിഷേക് സിംഗ്‌വിയുടെ ആദ്യ വാദം. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം. ഗവര്‍ണറുടെ നടപടി സംശയകരമാണ്. അതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണമെന്നും മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ തുടക്കത്തില്‍ വാദിച്ചു. 

പിന്നാലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ സഖ്യത്തേയോ. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ വാദിച്ചു.

ഗോവ കേസിലെ വിധി സിംഗ്‌വി കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. എന്നാല്‍ വാദത്തില്‍ കോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ മനു അഭിഷേക് സിംഗ്‌വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കും. എന്നാല്‍ അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.

യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിംഗ്‌വി. 

പിന്നാലെ യദ്യൂരപ്പയുടെ കത്തിന്‍റെ കോപ്പി കോടതിയില്‍ സിംഗ്‌വി ഹാജരാക്കി. എന്നാല്‍ ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തിന്‍റെ പകര്‍പ്പ് എന്നായിരുന്നു കത്തില്‍ കോടതിയുടെ പരാമര്‍ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാസത്തിലേടുക്കാന്‍ സിംഗ്‌വിക്കായില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, രണ്ട് ദിവസത്തെ സാവധാനം നല്‍കാന്‍ ആവശ്യപ്പെട്ടാണ് സിംഗ്‌വി വാദം അവസാനിപ്പിക്കുകയായിരുന്നു. 

അതേസമയം ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നായിരുന്നു മുകുള്‍ റോത്തകിന്‍റെ വാദം. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുന്നത്.