തീരദേശ കർണാടകത്തിൽ കനത്ത പോളിങ്

ബംഗളുരു: കർണാടകത്തിൽ ആദ്യ ആറ് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്. തീരദേശ കർണാടകത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോൾ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കർണാടകത്തിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല..

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ കർണാടകം വിധിയെഴുതിത്തുടങ്ങിയത് രാവിലെ ഏഴ് മണിക്കാണ്. ഗ്രാമങ്ങളിൽ നീണ്ട നിര പ്രകടമായി. നഗര മണ്ഡലങ്ങളിൽ തുടക്കത്തിലുണ്ടായ ആവേശം പിന്നീട് കണ്ടില്ല. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങാൻ വൈകി. ഹാസനിൽ വോട്ടുചെയ്യാനെത്തിയ ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്കും ഇതേത്തുടർന്ന് കാത്തുനിൽക്കേണ്ടി വന്നു.

ജെഡിഎസും കോൺഗ്രസും തമ്മിൽ നേരിട്ടുളള പോരാട്ടം മൈസൂരു മേഖലയിലെ പോളിങ്ങിൽ പ്രതിഫലിക്കുന്നുണ്ട്. ഗ്രാമങ്ങൾ സജീവമായി വോട്ട് ചെയ്യുന്നത് ഇരുപാർട്ടികൾക്കും പ്രതീക്ഷ നൽകുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത മത്സരം നേരിടുന്ന ചാമുണ്ഡേശ്വരിയിലടക്കം ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

വോട്ടെടുപ്പ് തുടങ്ങിയതു മുതൽ കുതിച്ചുയരുകയാണ് തീരദേശ കർണാടകത്തിലെ മൂന്ന് ജില്ലകളിലും പോളിങ് ശതമാനം. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും പതിനൊന്ന് മണിയോടെ തന്നെ പോളിങ് മുപ്പത് ശതമാനം കടന്നു. വർഗീയ സംഘർഷങ്ങൾ പ്രധാനവിഷയമായി നടന്ന പ്രചാരണം ചലനമുണ്ടാക്കിയെന്ന് തീരമേഖലയിലെ കനത്ത പോളിങ് സൂചന നൽകുന്നുണ്ട്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവർക്കും തികഞ്ഞ ആത്മവിശ്വാസം.