വിധാന്‍ സഭയ്ക്ക് പുറത്താണ് കുമാരസ്വാമി സര്‍ക്കാറിന്‍റെ യഥാര്‍ഥ അഗ്നിപരീക്ഷ
ബെംഗളൂരു: ഒരാഴ്ചക്ക് ശേഷം വിധാൻ സൗധയിൽ വീണ്ടും മറ്റൊരു വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള് ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സർക്കാർ സഭയിലെത്തിയപ്പോളുളള ആകാംക്ഷകളൊന്നും ഇന്നില്ല. വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് ആശങ്കയില്ലെന്നാണ് കുമാരസ്വാമിയും പ്രതികരിച്ചിരിക്കുന്നത്. ഞങ്ങളുടെ എംഎൽഎമാർ വാങ്ങാനും വിൽക്കാനുമുളളവരല്ല, ഭൂരിപക്ഷമുണ്ടെന്നും സർക്കാരിനെ നയിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വാക്കുകള്.
12 മണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.സ്പീക്കര് തെരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. കോണ്ഗ്രസില് നിന്ന് കെആര് രമേശ് കുമാര് ബിജെപിയില് നിന്ന് എസ് സുരേഷ് കുമാര് എന്നിവരാണ് സ്പീക്കര് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 104 അംഗങ്ങളുള്ള ബിജെപി സര്ക്കാര് ഉണ്ടാക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു. എന്നാല് ഇത് കോണ്ഗ്രസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കോണ്ഗ്രസ്- ജെഡിഎസ് എംഎല്എമാരെ റിസോര്ട്ടുകളില് തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പില് കുമാരസ്വാമിക്ക് വെല്ലുവിളികളില്ലെന്നാണ് കരുതപ്പെടുന്നത്. 117 എംഎല്എമാരുടെ പിന്തുണ കുമാര സ്വാമിക്ക് ലഭിക്കും.
എന്നാല് വിശ്വാസവോട്ട് നേടിയാലും കാര്യങ്ങൾ എളുപ്പമാവില്ല കുമാരസ്വാമിക്ക്. എംഎൽഎമാർ രാജിവച്ചാൽ ഗവർണർക്ക് ഇടപെടാം. അതാവും ബിജെപിയുടെ അടുത്ത നീക്കം. വിശ്വാസവോട്ട് നേടിയ ശേഷമാവും കോൺഗ്രസും ജെഡിഎസും മന്ത്രിമാരെ തീരുമാനിക്കുന്നതിലേക്ക് കടക്കുക. വകുപ്പ് വിഭജനമാവും കീറാമുട്ടി. പ്രധാനവകുപ്പുകളിൽ വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയ്യാറാവുമെന്നാണ് സൂചന. 78 സീറ്റുകളുള്ള കോണ്ഗ്രസിന്റെ മന്ത്രിസഭയിലെ പ്രാതിനിധ്യം തന്നെയാകും പ്രധാന പ്രശ്നം. നിരുപാധികമുള്ള അടിയറവ് കോണ്ഗ്രസ് എംഎല്എമാരില് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
വകുപ്പ് വിഭജനത്തില് കുമാരസ്വാമി കടുത്ത തീരുമാനങ്ങള് എടുത്താല് വഴങ്ങുക എന്നത് മാത്രമാണ് കോണ്ഗ്രസിന് മുന്നിലുള്ള വഴി. അഞ്ച് വര്ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമോ എന്ന് കാര്യത്തില് കോണ്ഗ്രസ് ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നാണ് കോണ്ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാലയളവ് സംബന്ധിച്ച് ചര്ച്ചകള് നടന്നിട്ടില്ലെന്നാണ് ഉപമുഖ്യമന്ത്രി എംജി പരമേശ്വര പറയുന്നത്. കൂടുതല് കോണ്ഗ്രസ് നേതാക്കള് നലപാട് കടുപ്പിച്ചാല് സര്ക്കാറിന് അത് വലിയ തലവേദനയാകും. ഇത് മുതലെടുക്കാന് ബിജെപിക്ക് സാധിച്ചാല് കൊട്ടിഘോഷിച്ച സഖ്യത്തിന്റെ ഗതി മറ്റൊന്നാകും.
കേന്ദ്രനേതൃത്വത്തിന്റെ നിര്ദേശപ്രകാരം എന്ത് വില കൊടുത്തും സര്ക്കാര് നിലനിര്ത്തുക എന്നതാണ് കോണ്ഗ്രസ് നേതാക്കളുടെ മുന്നിലുള്ള വെല്ലുവിളി. ജെഡിഎസിലും അതൃപ്തികള് നിലനില്ക്കുന്നുണ്ട്. പരസ്യമായി പിന്വാങ്ങിയ ബിജെപി പിന്നില് നിന്ന് ചരടുവലിക്കുമെന്ന കാര്യത്തില് കുമാരസ്വാമിക്ക് സംശയമില്ല. എന്തായാലും വിശ്വാസവോട്ടിനേക്കാള് വലിയ അഗ്നിപരീക്ഷകളാണ് കുമാരസ്വാമി സര്ക്കാരിനെ കാത്തിരിക്കുന്നത്.
