കർണാടകത്തിലെ തുമകുരുവിൽ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തുമകുരുവിലെ ജെ.ഡി.എസ് നേതാവയ രവി കുമാറാണ് കൊല്ലപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കൊല്ലപ്പെട്ട രവികുമാര്‍. 

ബംഗളൂരു: കർണാടകത്തിലെ തുമകുരുവിൽ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തുമകുരുവിലെ ജെ.ഡി.എസ് നേതാവയ രവി കുമാറാണ് കൊല്ലപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കൊല്ലപ്പെട്ട രവികുമാര്‍. തുമകുരു കോർപ്പറേഷനിലെ നിലവിലെ അംഗം കൂടിയായ രവികുമാറിനു നേരെ രാവിലെ എട്ട് മണിക്കാണ് ആക്രമണം ഉണ്ടായത്.

ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കുകയായിരുന്നു രവികുമാര്‍. ഈ സമയം രണ്ട് പേരെത്തി രവികുമാറിന് നേരെ മുളകുപൊടി എറിഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.. രവികുമാറിനെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ അക്രമികള്‍ പിക്ക് അപ്പ്‌ വാനിൽ കടന്നുകളഞ്ഞു. തുമകുരുവിലെ ഗുണ്ടാ നേതാവായിരുന്നു രവികുമാർ.പിന്നീടാണ് രാഷ്ട്രീയത്തിൽ എത്തിയത്.

ജെഡിഎസ് ടിക്കറ്റിൽ തുമകുരു കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കുമാരസ്വാമി സർക്കാരിൽ മന്ത്രിയായ എസ് ആർ ശ്രീനിവാസിന്റെ അടുത്ത അനുയായി ആണ്. നിരവധി ക്രിമിനൽ കേസുകള്‍ ഗദ്ദ രവി എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ ഉണ്ട്.മറ്റൊരു ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ് രവികുമാർ. പഴയ ഏതെങ്കിലും കേസിലെ ശത്രുതയാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏഴുപേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നാണ് നിഗമനം.ഇവർക്കായി തെരച്ചിൽ ശക്തമാക്കി.