ബംഗളുരു: കർണാടക ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായെങ്കിലും ആജീവനാന്ത നികുതി നൽകാത്തതിനെ തുടർന്ന് പിടിച്ചെടുത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യവാഹനങ്ങൾ വിട്ടുകൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പിടിച്ചെടുത്ത വാഹനങ്ങളോ രേഖകളോ വിട്ടുനൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യവാഹനങ്ങൾ പിടികൂടി ആജീവനാന്ത നികുതി ഈടാക്കാനുള്ള കർ‍ണാടക മോട്ടോർവാഹനനിയമ ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് മട്ടിലാണ് കര്‍ണാടക ഗതാഗത വകുപ്പ്. നിയമഭേദഗതി വന്ന് രണ്ട് വർഷത്തിനുള്ളിൽ നിരവധി വാഹനങ്ങളാണ് ആർടിഓ ഉദ്യോഗസ്ഥർ പിടികൂടിയത്. പിരിച്ചെടുത്ത നികുതി മടക്കി നൽകുന്നത് സംബന്ധിച്ചും ക‍ർണാടക സ‍ർക്കാർ ഇതുവരെ തീരുമാനത്തിലെത്തിയില്ല.

രണ്ട് വർഷത്തിനുള്ളിൽ ഇതരസംസ്ഥാന വാഹനങ്ങളിൽ നിന്നായി എഴുപത്തിയൊന്പത് കോടി രൂപയാണ് ഗതാഗത വകുപ്പ് നികുതിയിനത്തിൽ ഈടാക്കിയത്..

വിധിക്കെതിരെ ക‍ർണാടസർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ പിടിച്ചുവെച്ച രേഖകളും വാഹനങ്ങളും തിരിച്ചുകിട്ടാൻ പിന്നെയും വൈകുമെന്നാണ് ഇതരസംസ്ഥാനക്കാരുടെ ആശങ്ക.