പാട്ടുകാരൻ കൂടിയായ ചന്ദ്ര ബൈന്ദൂരിലെ ഒരു സ്കൂളിൽ കൂട്ടികളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച വാർത്ത ചെയ്യാനെന്ന വ്യാജേന കയറി കൂടി. തുടർന്ന്  അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിശ്വാസം നേടിയെടുക്കുകയും കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബെം​ഗലൂരു: അഞ്ച് വർഷത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത ഇരുപത്തൊന്നോളം ആൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. കർണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്ന ചന്ദ്ര കെ ഹെമ്മാദിയാണ് അറസ്റ്റിലായത്. കർണ്ണാടകയിലെ ഉടുപ്പിയിലുള്ള ബൈന്ദൂരില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

പാട്ടുകാരൻ കൂടിയായ ചന്ദ്ര ബൈന്ദൂരിലെ ഒരു സ്കൂളിൽ കൂട്ടികളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച വാർത്ത ചെയ്യാനെന്ന വ്യാജേന കയറി കൂടി. തുടർന്ന് അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിശ്വാസം നേടിയെടുക്കുകയും കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൂഷണം ചെയ്ത ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു. 2012മുതൽ ഇയാൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.

ചന്ദ്രക്കെതിരെ ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി ഇതുവരെ 16കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് 2013 മുതലുള്ള കേസുകളാണ്. അതിന് മുമ്പും ഇയാൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി ബൈന്ദൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സിഎൻഎൻ ന്യൂസിനോട് പറഞ്ഞു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ചന്ദ്രയെ ഡിസംബര്‍ 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.