രേവണ്ണയെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. അവിടെ സ്ഥലമില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം.
ബംഗളൂരു: കുടകിലെ പ്രളയത്തിൽ ദുരിതബാധിതരായ ജനങ്ങൾ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് ബിസ്കറ്റുകൾ എറിഞ്ഞു കൊടുത്ത് കർണാടക മന്ത്രി. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്. ഡി. രേവണ്ണയാണ് ബിസ്കറ്റ് പാക്കറ്റുകൾ വലിച്ചെറിഞ്ഞ് കൊടുത്തത്. കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സഹോദരനാണ് രേവണ്ണ. കർണാടകയിലെ കുടകിലും പ്രളയം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെന്ന പോലെ ഇവിടങ്ങളിലും നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻവിമർശനങ്ങളാണ് വന്നിട്ടുള്ളത്. സംസ്കാരശൂന്യമായ പ്രവർത്തി എന്നാണ് മറ്റ് മന്ത്രിമാരും സമൂഹവും മന്ത്രിയെ വിമർശിക്കുന്നത്. എന്നാൽ രേവണ്ണയെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. അവിടെ സ്ഥലമില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം. സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സംഘത്തിന് നേരെയാണ് ഉദ്യോഗസ്ഥർ നൽകിയ ബിസ്കറ്റ് രേവണ്ണ വലിച്ചെറിഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
